വിംബിൾഡൺ ടെന്നീസ് ; ഇഗ സെമിയിൽ


Sports Desk
Published on Jul 10, 2025, 12:04 AM | 1 min read
ലണ്ടൻ
വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസിൽ അരീന സബലേങ്ക, ഇഗ ഷ്വാടെക്, അമാൻഡ അനിസിമോവ, ബെലിൻഡ ബെൻസിക് എന്നിവർ സെമിയിൽ കടന്നു. ക്വാർട്ടറിൽ ബെലാറസ് താരം സബലേങ്ക 4–-6, 6–-2, 6–-4ന് ജർമനിയുടെ ലോറ സിഗ്‌മണ്ടിനെ മറികടന്നു. ആദ്യ ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് സെമിയിൽ അമാൻഡ അനിസിമോവയെ നേരിടും. സബലേങ്ക 2021ലും 2023ലും സെമിയിൽ തോൽക്കുകയായിരുന്നു.
അമേരിക്കക്കാരിയായ അനിസിമോവ 6–-1, 7–-6ന് അനസ്‌ത്യാസിയ പവ്‌ലിയുചെങ്കോവയെ കീഴടക്കി. ഇരുപത്തിമൂന്നുകാരിയുടെ ആദ്യ ഗ്രാൻഡ്‌സ്ലാം സെമിയാണ്. വിംബിൾഡൺ കിട്ടാക്കനിയായ പോളണ്ടിന്റെ ഇഗ ക്വാർട്ടറിൽ ലുഡ്‌മില സാംസനോവയെ 6–-2, 7–-5ന് തോൽപ്പിച്ചു. ഇരുപത്തിനാലുകാരി ഇതുവരെ വിംബിൾഡൺ ഫൈനലിലെത്തിയിട്ടില്ല.
നാല് തവണ ഫ്രഞ്ച് ഓപ്പണും ഒരിക്കൽ യുഎസ് ഓപ്പണും നേടിയിട്ടുണ്ട്. സെമിയിൽ സ്വിറ്റ്‌സർലൻഡ് താരം ബെലിൻഡ ബെൻസികുമായി ഏറ്റുമുട്ടും. ആദ്യമായി സെമിയിലെത്തിയ ബെലിൻഡ റഷ്യയുടെ മിറ ആനഡ്രീവയെ 7–-6, 7–-6ന് കീഴടക്കി.
പുരുഷ വിഭാഗം സെമിയിൽ നാളെ നിലവിലെ ചാമ്പ്യൻ സ്‌പെയിനിന്റെ കാർലോസ് അൽകാരസ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിടും. അൽകാരസ് ക്വാർട്ടറിൽ ബ്രിട്ടന്റെ കാമറോൺ നോറിയെ 6–-2, 6–-3, 6–-3ന് പരാജയപ്പെടുത്തി. ടെയ്‌ലറുടെ വിജയം റഷ്യക്കാരൻ കാരെൻ കാഷനോവിനെതിരെയാണ്(6–-3, 6–-4, 1–-6, 7–-6).









0 comments