വിംബിൾഡൺ; ഇഗ ചരിത്രം

PHOTO: Facebook/Wimbledon
ലണ്ടൻ : വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ ഷ്വാടെക് സ്വന്തമാക്കി. ഏകപക്ഷീയമായ ഫൈനലിൽ, അമേരിക്കയുടെ അമാൻഡ അനിസിമോവയ്‌ക്ക് ഒറ്റ ഗെയിമും വിട്ടുകൊടുക്കാതെ 6-0, 6-0നാണ് വിജയം. 114 വർഷത്തിനുശേഷമാണ് ഫൈനലിൽ ഈ സ്‌കോർ വരുന്നത്. 1911ൽ ബ്രിട്ടന്റെ ഡൊറോത്തിയ ലാംബർട്ട് ചേംബേഴ്‌സ് 6–-0, 6–-0ന് നാട്ടുകാരിയായ ഡോറ ബൂത്ത്‌ബിയെ തോൽപിച്ച് ജേത്രിയായതാണ് പഴയ ചരിത്രം. ഇഗയുടെ ആറാം ഗ്രാൻഡ്‌സ്ലാം കിരീടമാണ്. ഇരുപത്തിനാലുകാരി വിംബിൾഡൺ നേടുന്നത് ആദ്യം. ഒന്നാം റാങ്കുള്ള അരീന സബലേങ്കയെ അട്ടിമറിച്ച് കശാലക്കളിക്കെത്തിയ അനിസിമോമ കാണികളെ നിരാശപ്പെടുത്തി. 57 മിനിറ്റിൽ കളി തീർന്നു. സെന്റർകോർട്ടിൽ കാണികൾ ഇരിപ്പുറപ്പിക്കുംമുമ്പെ 25 മിനിറ്റിൽ ഇഗ ആദ്യ സെറ്റ് നേടി. അനിസിമോവയ്‌ക്ക് നേടാനായത് ഒമ്പത് പോയിന്റ് മാത്രം. രണ്ടാം സെറ്റിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കരുത്തുറ്റ ഷോട്ടുകളുമായി നാലാം റാങ്കുകാരി പിടിമുറുക്കി. തുടർച്ചയായി 12 ഗെയിം സ്വന്തമാക്കിയാണ് ചരിത്രത്തിലേക്ക് ചുവടുവെച്ചത്.









0 comments