വിംബിൾഡണിന് തുടക്കമാവുന്നു; നറുക്കെടുപ്പ് വെള്ളിയാഴ്‌ച

PHOTO: Facebook/Wimbledon

Sports Desk
Published on Jun 26, 2025, 01:04 PM | 1 min read
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിലൊന്നായ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന്റെ 2025ലെ പതിപ്പിന് ജൂൺ 30ന് തുടക്കമാവും. ഒരു മാസത്തിലധികം നീണ്ട് നിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ജൂലൈ 13ഓടെയായിരിക്കും നടക്കുക.
നിലവിൽ ടൂർണമെന്റിന്റെ ഭാഗമായ യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജൂൺ 27 വെള്ളിയാഴ്‌ചയാണ് ആദ്യ റൗണ്ടിലേക്കുള്ള നറുക്കെടുപ്പ്. യോഗ്യതാ റൗണ്ടിൽ വിജയിക്കുന്നവരും സീഡ് റാങ്കിൽ മുന്നിൽ നിൽക്കുന്നവരുമാണ് ടൂർണമെന്റിലേക്ക് യോഗ്യത നേടുക.
തിങ്കളാഴ്‌ച പുറത്തിറക്കിയ സീഡ് റാങ്കിങ് അനുസരിച്ചായിരിക്കും ആദ്യ റൗണ്ടിലേക്കുള്ള താരങ്ങളുടെ യോഗ്യത. യാനിക് സിന്നറാണ് പുരുഷൻമാരുടെ സീഡിൽ ഒന്നാമത്. വനിതകളിൽ അരീന സബലങ്കയും. പുരുഷൻമാരിൽ നിലവിലെ ചാമ്പ്യൻമാരായ കാർലോസ് അൽകാരസ് രണ്ടാമതും അലക്‌സാണ്ടർ സ്വരേവ് മൂന്നാമതുമാണ്. 24 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ നൊവാക് ജോക്കോവിച്ച് സീഡിൽ ആറാമനായും ടൂർണമെന്റിന് യോഗ്യത നേടി.
വനിതകളിൽ കൊക്കോ ഗൗഫ്, ജാസ്‌മിൻ പൗലോനി, ഇഗാ സ്വാടെക് എന്നിവരും ടൂർണമെന്റിന് യോഗ്യത നേടി. വനിതകളിലെ നിലവിലെ ജേതാവായ ബാർബോറാ ക്രെജിക്കോവ സീഡിൽ 17–ാം സ്ഥാനം നേടിയാണ് ടൂർണമെന്റിന് യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടിൽ തന്നെ സിംഗിൾസിലെ ഇന്ത്യയുടെ പ്രതീക്ഷയായ സുമിത് നാഗൽ പുറത്തായി. ആദ്യ റൗണ്ടിലായിരുന്നു സുമിതിന്റെ പുറത്താകൽ. ലോക 300-ാം നമ്പർ താരമായ നാഗൽ, ലോക 368-ാം നമ്പർ താരമായ സെപ്പിയറിയോട് 2-6, 6-4, 2-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.









0 comments