ഗാസയ്‌ക്കായി അണിചേർന്ന്‌ തലസ്ഥാനം; കേരളത്തിന്‌ നന്ദി പറഞ്ഞ്‌ പലസ്‌തീൻ അംബാസഡർ

Palestinian Ambassador.
വെബ് ഡെസ്ക്

Published on Nov 16, 2025, 09:01 PM | 2 min read

തിരുവനന്തപുരം: പലസ്തീന് ഐക്യദാർഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച 'ഗാസയുടെ പേരുകൾ' തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിച്ചു. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളത്തിന്റെ പിന്തുണക്കും ഐക്യദാർഢ്യത്തിനും പലസ്തീൻ ജനത കടപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.


ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടത് അനുതാപമോ സഹതാപമോ അല്ല. അവർക്ക് വേണ്ടത് സുരക്ഷിതമായ ഭാവിയാണ്. അതിനായി കൂട്ടായ ചിന്തയിലൂടെ സഹകരണത്തിലൂടെ പ്രായോഗിക പദ്ധതി ആവിഷ്കരിക്കുകയാണ് വേണ്ടത്. കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ചു പറയുമ്പോൾ കാരണക്കാർ ആരാണ് എന്നതാണ് ആദ്യം പറയേണ്ടത്. ഇസ്രായേൽ അധിനിവേശ ശക്തികൾ ബോധപൂർവം കുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് വെടിവയ്ക്കുകയാണ്. ആരാണ് ഗാസയിലെ കൂട്ടക്കൊലക്കെതിരെ ശബ്ദം ഉയർത്തിയതെന്ന് ചരിത്രം ചോദിക്കുമ്പോൾ കേരളം അതിൽ ഉണ്ടാകും. പശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെ ഗാസയിലെ കുഞ്ഞുങ്ങളെയും ജനതയെയും അവഗണിച്ചപ്പോൾ കേരളം അവർക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൻ എസ് മാധവൻ, ശശികുമാർ, സൂരജ് സന്തോഷ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പാളയം ഇമാം ശുഹൈബ് മൗലവി, മധുപാൽ, വി ഷിനിലാൽ, ആർ പാർവതിദേവി, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, സംഘാടകസമിതി ജനറൽ കൺവീനർ ജി എൽ അരുൺഗോപി, കൺവീനർ എസ് രാഹുൽ, ജി എസ്‌ പ്രദീപ്‌, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ എസ് വിനോദ് തുടങ്ങി കലാ, സാംസ്കാരിക, രാഷ്ട്രീയ, ആത്മീയ, മാധ്യമരംഗത്തെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ വായിച്ചു.


കാരയ്ക്കാമണ്ഡപം വിജയകുമാർ, രാജേഷ് ചിറപ്പാട്, ശാലിനി അലക്സ്, ലുബാബത്ത് ഉമ്മർ എന്നിവർ കവിയരങ്ങിന് നേതൃത്വം നൽകി. കലാവിഷ്കാരങ്ങൾ, വരയരങ്ങ്, ഫൈൻ ആർട്സ് കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഇൻസ്റ്റലേഷൻ, ജെ ബി ജസ്റ്റിന്റെ നേതൃത്വത്തിൽ വി കെ എസ് ഗായകസംഘം ഒരുക്കിയ ഫ്ലോട്ട്, പലസ്തീനിൽ കൊല്ലപ്പെട്ട 20000 കുട്ടികളുടെ പേരുകളുടെ ഡിസ്‌പ്ലേ എന്നിവ സംഘടിപ്പിച്ചു. 13 ജില്ലകളിലും കൂട്ടായ്‌മ നടന്നു. ചിന്ത രവി ഫൗണ്ടേഷൻ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പലസ്തീൻ ഐക്യദാർഢ്യ ഫോറങ്ങൾ രൂപീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Home