തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: പ്രതി പതിനാലുകാരൻ

തലശേരി: എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടിൽ തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുനിയപ്പൻ എന്ന മുരുകന്റെ (45) മരണം കൊലപാതകമാണെന്നും പതിനാലുകാരനാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തി. മുരുകൻ എരഞ്ഞോളി പഴയ പാലത്തിനടുത്ത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് ജീവിക്കുന്നയാളാണ്. മുരുകനെ അടിച്ചുകൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി കോഴിക്കോട് കറക്ഷൻ ഹോമിലേക്കയച്ചു. നവംബർ നാലിന് രാവിലെ എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിലാണ് മുരുകന്റെ മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുരുകനെ സഹായിയായ പതിനാലുകാൻ അടിച്ചുകൊന്നതാണെന്ന് തെളിഞ്ഞത്. പഴയ സാധനങ്ങൾ ശേഖരിക്കാൻ സഹായിയായി കൂടെ നിൽക്കുകയായിരുന്നു. മദ്യപാനിയായ മുരുകൻ കുട്ടിയെ ദേഹോപദ്രവമേൽപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്‌തിരുന്നതായി പരിസരവാസികൾ പൊലീസിനെ അറിയിച്ചിരുന്നു.









0 comments