വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന

ബിഎൽഒമാർ 
സമ്മർദത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2025, 12:47 AM | 1 min read

കൊല്ലം

‘ടാർജറ്റ്‌ പൂർത്തീകരിക്കാൻ കഴിയില്ലെങ്കിൽ ഇ‍ൗ പണി മതിയാക്കി വേറെ പണിക്കുപോ. ഒരുകാര്യം പറയാം, ഇങ്ങനെയായാൽ അധികനാൾ സർവീസിൽ കാണില്ല’–ജില്ലയിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുമായി (എസ്‌ഐആർ) ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത്‌ ലെവൽ ഓഫീസറോട്‌ (ബിഎൽഒ) ചുമതലയുള്ള ഒരു വില്ലേജ്‌ ഓഫീസർ ഫോണിൽ നടത്തിയ ഭീഷണിയാണിത്‌. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനയ്‌ക്ക്‌ നിയോഗിക്കപ്പെട്ട ബിഎൽഒമാർ അനുഭവിക്കുന്ന മാനസ്സിക സംഘർഷത്തിന്റെ ഉദാഹരണമാണിത്‌. വില്ലേജ്‌ ഓഫീസർമാരെ തഹസിൽദാർമാരും വിളിച്ച്‌ സമ്മർദമേറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായിട്ടുള്ള പരാതിയും വന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ തിട്ടൂരം നടപ്പാക്കാൻ ഓരോ ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥന്റെ സമ്മർദമുണ്ട്. ജോലി സമ്മർദംമൂലം കണ്ണൂരിൽ അനീഷ്‌ ജോർജ്‌ എന്ന ബിഎൽഒ ജീവനൊടുക്കിയ വാർത്ത ഞായറാഴ്‌ച പുറത്തുവന്നതോടെ ജില്ലയിലെ ബിഎൽഒമാരും കടുത്ത ആശങ്കയിലാണ്. ജില്ലയിൽ ഏകദേശം 1600 ബിഎൽഒമാരാണ്‌ ഫീൽഡിലുള്ളത്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഭീഷണി ഒഴിവായിക്കിട്ടാൻ ജില്ലകളും താലൂക്കുകളും തമ്മിലുമുള്ള മത്സരമാണ്‌ നടക്കുന്നത്. ഡെപ്യൂട്ടി കലക്ടർ തഹസിൽദാരെ വിളിക്കുന്പോൾ തഹസിൽദാർ വില്ലേജ്‌ ഓഫീസറെ വിളിച്ച്‌ സമ്മർദമേറ്റുന്നു. വില്ലേജ്‌ ഓഫീസറാകട്ടെ ബിഎൽഒമാരെ വിളിച്ച്‌ ഭീഷണിപ്പെടുത്തകുയും ചെയ്യുന്നു. ഞായർവരെയുള്ള കണക്കിൽ ജില്ലയിൽ 70ശതമാനം പരിശോധന നടന്നു. പത്തനാപുരം താലൂക്കാണ്‌ മുന്നിൽ. സമ്മർദത്തിന്റെ ഭാഗമായി പരിശോധന പലയിടത്തും പേരിനുമാത്രമായി. ഇതുമൂലം നിരവധി വോട്ടും ഇല്ലാതാകുന്നു. വീടുകളിൽ ആളില്ലെങ്കിൽ പലരും വോട്ടർപ്പട്ടികയിൽനിന്ന്‌ വെട്ടിമാറ്റപ്പെടും. തൊട്ടടുത്ത വാർഡുകളിലേക്കോ പ്രദേശങ്ങളിലേക്കോ താമസം മാറ്റിയവർ, വാടകവീട്ടിൽ താമസിക്കുന്നവർ, കുറെ ദിവസം വീടുവിട്ട്‌ നിൽക്കുന്നവർ, വിനോദസഞ്ചാരത്തിന്‌ പോയിട്ടുള്ളവർ, ആശുപത്രിയിലുള്ളവർ, താൽക്കാലികമായി മക്കൾക്കൊപ്പം താമസിക്കുന്നവർ, പഠനത്തിന്‌ പോയിട്ടുള്ളവർ, മറ്റു ജില്ലകളിൽ ജോലിക്ക്‌ പോയിട്ടുള്ളവർ എന്നിങ്ങനെ നിരവധി പേർക്കാണ്‌ വോട്ട്‌ ഇല്ലാതാവുന്നത്‌. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബിഎൽഒമാരിൽ എഴുപത്‌ ശതമാനവും സ്‌ത്രീകളാണ്‌. അതിരാവിലെ ബൂത്ത്‌ മേഖലയിൽ എത്തിയാൽ രാത്രി വൈകിയും വീടുകൾ കയറുകയാണ്‌ അവർ. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സ‍ൗകര്യമില്ലാതെ ഇവരിൽ പലരും വലയുന്നു. സ്ഥലംമാറ്റം ഉൾപ്പടെയുള്ള ഭീഷണിയിൽ നിന്നൊഴിവാകാൻ രാത്രിയിൽ വീട്ടിലെത്തിയശേഷം എന്യുമറേഷൻ ഫോമിന്റെ ഡ്യൂപ്ലിക്കേറ്റ്‌ സ്‌കാൻചെയ്‌ത്‌ മേലുദ്യോഗസ്ഥനെ ബോധ്യപ്പെടുത്താനും ചില ബിഎൽഒമാർ തയ്യാറാവുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home