ആശങ്കക്ക് സലാം ബാഗിനുള്ളിൽ ബദാം... ബോംബല്ല!

കാഞ്ഞങ്ങാട് രണ്ടു ദിവസമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉടമസ്ഥനില്ലാത്ത ബാഗ്..... ആർക്കും ആശങ്ക തോന്നും. അത്തരമൊരാശങ്കയ്‌ക്ക് വിരാമമായത് ഹോം ഗാർഡുമാരുടെ ഇടപെടലിൽ. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഞായർ പകൽ പതിനൊന്നോടെ ബാഗിൽ സ്ഫോടകവസ്തുവാണെന്ന് പ്രചാരണമുയര്‍ന്നതോടെ ആശങ്കയിലായ യാത്രക്കാരുടെ ഭീതിയകറ്റിയത് റെയിൽവേ പൊലീസും ഹോം ഗാർഡുമാരും. സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് ബാഗുകള്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ബാഗ് ഇവിടെയുണ്ടെന്നറിഞ്ഞതോടെ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ആശങ്കയായി. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡുമാരായ വി പ്രവീണ്‍കുമാറും കെ ടി അരവിന്ദനുമാണ് പ്ലാറ്റ് ഫോമില്‍ ഒരു ഹാന്‍ഡ് ബാഗും വലിപ്പമുള്ള പ്ലാസ്റ്റിക് ബാഗുകളും കണ്ടെത്തിയത്. രണ്ട് ദിവസമായി ബാഗ് ഇവിടെയുണ്ടെന്നറിഞ്ഞതോടെ ഹോംഗാര്‍ഡുമാര്‍ കാസര്‍കോട് റെയില്‍വേ പൊലീസിന് വിവരം നല്‍കി. റെയില്‍വേ പൊലീസിന്റെ നിര്‍ദേശപ്രകാരം ഹോംഗാര്‍ഡുമാര്‍ കാഞ്ഞങ്ങാട് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് സുരക്ഷിതമായി ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ രണ്ട് ഷര്‍ട്ടും ഒരു ജോഡി ചെരുപ്പും പാന്റും ബദാം പരിപ്പും അടക്കമുള്ള സാധനങ്ങളും രേഖകളും കണ്ടെത്തി. ഭയപ്പടേണ്ട വസ്തുകളൊന്നും ബാഗിലില്ലെന്ന് വ്യക്തമായതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്. കൂടുതല്‍ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ടെ വസ്ത്രാലയ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഹമീദിന്റെതാണ് ബാഗുകളെന്ന് വ്യക്തമായി. ഹമീദിനെ വിളിച്ചുവരുത്തി ചോദിച്ചപ്പോള്‍ പ്ലാറ്റ് ഫോമില്‍നിന്ന് രണ്ട് ദിവസം മുമ്പ് ബാഗുകള്‍ കാണാതായെന്ന് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയില്ല. ഹമീദിന്റെ സുഹൃത്തായ വസ്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനെകൂടി വിളിച്ചുവരുത്തിയ ശേഷം ഹോംഗാര്‍ഡ് ബാഗുകള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ കൈമാറി. ട്രെയിന്‍ യാത്രക്കാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഓപ്പറേഷന്‍ രക്ഷിതയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധനക്കായി ഹോംഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്.









0 comments