print edition വിധിയെഴുതി ചിലി

chile presidential election
വെബ് ഡെസ്ക്

Published on Nov 17, 2025, 04:28 AM | 1 min read


സാന്റിയാഗോ

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി വിധിയെഴുതി ലാറ്റിനമേരിക്കൻ രാജ്യമായ ചിലി. ചിലി കമ്യൂണിസ്‌റ്റ്‌ പാർടി നേതാവും നിലവിലുള്ള മന്ത്രിസഭയിലെ തൊഴിൽമന്ത്രിയുമായ ജെനറ്റ്‌ ജാരയും തീവ്ര വലതുകക്ഷിയായ റിപ്പബ്ലിക്കൻ പാർടി നേതാവ്‌ ഹൊസെ അന്റോണിയോ കാസ്റ്റും തമ്മിലാണ്‌ പ്രധാന മത്സരം. തീവ്ര വലതുനേതാവ്‌ ജോഹന്നാസ്‌ കൈസറും മത്സരിക്കുന്നുണ്ട്‌.


ഏറ്റവും പുതിയ അഭിപ്രായ സർവേകൾ പ്രകാരം ജെനറ്റ്‌ ജാര 30 ശതമാനവും ഹൊസെ അന്റോണിയോ കാസ്റ്റ്‌ 22 ശതമാനവും ജോഹന്നാസ്‌ കൈസർ 15 ശതമാനവും വോട്ടുനേടുമെന്നാണ്‌ പ്രവചനം. പ്രസിഡന്റ്‌ സ്ഥാനാർഥിയായി ആകെ എട്ട്‌ പേർ മത്സരരംഗത്തുണ്ട്‌.


ആദ്യവട്ട തെരഞ്ഞെടുപ്പിൽ ആര്‍ക്കും 50 ശതമാനം വോട്ട്‌ ലഭിച്ചില്ലെങ്കിൽ ഡിസംബർ 14ന്‌ രണ്ടാം വട്ട വോട്ടെടുപ്പ്‌ നടത്തും. 1.57 കോടി വോട്ടർമാരാണ്‌ വിധിയെഴുതുന്നത്‌. ഇത്തവണമുതൽ വോട്ടവകാശം നിർബന്ധമാണ്‌. കഴിഞ്ഞ തവണ 53 ശതമാനം പേർ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന സാഹചര്യത്തിലാണ്‌ വോട്ടവകാശം നിർബന്ധമാക്കിയത്‌.


കമ്യൂണിസ്റ്റ് പാർടി ഉൾപ്പെടുന്ന ഭരണകക്ഷിയായ ഇടതുപക്ഷ "യൂണിറ്റി ഫോർ ചിലി’ സഖ്യത്തിന്റെ സ്ഥാനാർഥിയായാണ്‌ ജെനറ്റ് ജാര. 2021ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ഗബ്രിയേൽ ബോറിക്കിനോട്‌ മത്സരിച്ച്‌ പരാജയപ്പെട്ടയാളാണ്‌ മുഖ്യ എതിരാളിയായ ഹൊസെ അന്റോണിയോ കാസ്റ്റ്‌.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനൊപ്പം 155 ചേന്പർ ഓഫ്‌ ഡപ്യൂട്ടീസിലേക്കും 23 സെനറ്റ്‌ സീറ്റിലേക്കുമുള്ള വോട്ടെടുപ്പും ഞായറാഴ്‌ച നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home