തൃശൂർ കോർപറേഷനിൽ തർക്കം രൂക്ഷം; ശോഭാ സുരേന്ദ്രന്റെ ഒത്തുതീർപ്പ് ശ്രമം പാളി; ബിജെപി സ്ഥാനാർഥിയെ പ്രവർത്തകർ തടഞ്ഞു

തൃശൂർ: തൃശൂർ കോർപറേഷൻ ബിജെപി സ്ഥാനാർഥികളെ ചൊല്ലി തർക്കം രൂക്ഷം. കുട്ടൻകുളങ്ങര ഡിവിഷനിൽ പാർടി പ്രഖ്യാപിച്ച സ്ഥാനാർഥി വി ആതിരയെയും നേതാക്കളെയും പ്രവർത്തകർ തടഞ്ഞു. ഞായർ വൈകിട്ട് ഡിവിഷനിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ആതിരയെ പ്രദേശത്തെ ബിജെപി പ്രവർത്തകർ തടഞ്ഞത്.
നിലവിൽ പൂങ്കുന്നം ഡിവിഷൻ കൗൺസിലറായ ആതിരയെ ഗുരുതര ആരോപണങ്ങളെ തുടർന്ന് സ്ഥാനാർഥിയാക്കുന്നതിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ശക്തമായ എതിർപ്പ് ഉയർത്തി. ഇതോടെയാണ് പൂങ്കുന്നത്ത് നിന്ന് ആതിരയെ മാറ്റിയത്. പിന്നീട് ഒരു വിഭാഗം നേതാക്കളുടെ പിന്തുണയിൽകുട്ടൻകുളങ്ങര ഡിവിഷനിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എന്നാൽ ഇവിടെ ബിജെപി പ്രാദേശിക നേതാവിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രവർത്തകരുടെ നിർദേശം. ഇതു വകവയ്ക്കാതെ സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഹരി നഗറിൽ ഡിവിഷൻ യോഗത്തിലേക്ക് വരാനിരിക്കെയായിരുന്നു വഴിയിൽ പ്രവർത്തകർ തടഞ്ഞത്. സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് നേതാക്കളും പ്രവർത്തകരും നിലപാടെടുത്തതോടെ ഏറെ നേരം വാക്കേറ്റമായി. വിവരമറിഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബും പ്രവർത്തകരും നേതാക്കളുമായി സംസാരിച്ചുവെങ്കിലും സ്ഥാനാർഥിത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നു.









0 comments