ഹാലണ്ട് പടനയിക്കുന്നു: അസൂറി പടയെ തുരത്തി നോർവെ; 27 വർഷത്തിന് ശേഷം ലോകകപ്പിന്

photo credit: AFP
പാരിസ്: നാല് ലോകകപ്പ് കിരീട ജേതാക്കളായ അസൂറിപ്പടയാണ് എതിരാളികളെന്ന് നോർവെ ചിന്തിച്ചതുപോലുമില്ല. ലോകപ്പ് യോഗ്യത പോരാട്ടത്തിൽ ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ലോകകപ്പ് പ്രവേശനം ടീം രാജകീയമായി ആഘോഷിച്ചത്. ജയത്തോടെ 1998നുശേഷം ആദ്യമായി നോർവെ ലോകകപ്പിൽ പന്തുതട്ടും.
ലോകചാമ്പ്യന്മാരായ ഇറ്റലി കഴിഞ്ഞ രണ്ട് ലോകകപ്പുകൾക്കും യോഗ്യത നേടിയിട്ടില്ല. ഈ തോൽവിയോടെ യോഗ്യതയ്ക്കായി അസൂറികൾ ഇനി പ്ലേ ഓഫ് കളിക്കണം. 2006-ൽ ലോകകപ്പ് നേടിയ ശേഷം 2014-ലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയമാണ് ലോകകപ്പിൽ ഇറ്റലിയുടെ ഏക വിജയം.
കളിച്ച എട്ട് കളിയിലും പരാജയമറിയാതെയാണ് നോർവെയുടെ കുതിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച എസ്‌റ്റോണിയയെ 4-1 ന് തോൽപ്പിച്ചപ്പോൾ തന്നെ നോർവേ ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടി യോഗ്യ ഉറപ്പാക്കാന്‍ മത്സരത്തിൽ ഇറ്റലിക്ക് നോർവേയെ ഒമ്പത് ഗോളുകൾക്ക് തോൽപ്പിക്കേണ്ടിയിരുന്നു. കളിയിൽ ആദ്യം ഗോൾ നേടിയെങ്കിലും യൂറോ 2020 ജേതാക്കളായ ഇറ്റലിയ്ക്ക് പിന്നീട് നോർവെയുടെ പടയോട്ടം നോക്കിനിൽക്കേണ്ടി വന്നു.

മത്സരത്തിന്റെ 11-ാം മിനിറ്റിൽ ഫ്രാൻസെസ്കോ പിയോയിലൂടെ ഇറ്റലി ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ നോർവേയുടെ മിന്നുന്ന തിരിച്ചുവരവാണ് കണ്ടത്. 63-ാം മിനിറ്റിൽ ആന്റോണിയോ നുസ ടീമിനായി സമനില ഗോൾ നേടി. പിന്നാലെ എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോളുകൾ നോർവേയ്ക്ക് കളിയിൽ ആധിപത്യം നൽകി. ഇഞ്ചുറി ടൈമിൽ ജോർജെൻ സ്ട്രാൻഡ് ലാർസൺ നാലാമത്തെ ഗോളും നേടി.
എട്ടു മത്സരത്തിൽ നിന്നായി 37 ഗോളാണ് നോർവെ അടിച്ചുകൂട്ടിയത്. ഇതിൽ 16 ഗോളുകൾ പിറന്നത് ഹാലൻഡിന്റെ ബൂട്ടിൽ നിന്നാണ്. ലോകകപ്പിന് യോഗ്യത നേടുന്ന 32–ാം ടീമാണ് നോർവെ. അടുത്ത വർഷം അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ ആകെ 48 ടീമുകളാണ് ഏറ്റുമുട്ടുന്നത്.









0 comments