വിവാഹമോചനക്കേസ് ഒത്തുതീർക്കാൻ വാങ്ങിയ 40 ലക്ഷവുമായി മുങ്ങി; അഭിഭാഷകയും സഹായിയും അറസ്റ്റിൽ

നെടുമങ്ങാട്: വിവാഹമോചനക്കേസിലെ ഒത്തുതീർപ്പ് തുകയായ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ അഭിഭാഷകയും സഹായിയും അറസ്റ്റിൽ. അഭിഭാഷക നെടുമങ്ങാട് പത്താംകല്ല് വിഐപി സുലേഖ മൻസിലിൽ യു സുലേഖ (57), സുഹൃത്തും സഹായിയുമായ കരിപ്പൂര് കാരാന്തല പാറമുകൾ വീട്ടിൽ അരുൺദേവ് (52) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളാണിവർ. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ നെടുമങ്ങാട് സി ഐ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയും സുലേഖയുടെ ഭർത്താവുമായ നസീർ (59) ഒളിവിലാണ്.
2025 ജൂലൈയിലാണ് സംഭവം. നെടുമങ്ങാട് ഐക്കരവിളാകം ബൈത്തുൽ ഹുദാ വീട്ടിൽ ഹാഷിമാണ് പരാതിക്കാരൻ. വിഹാഹ മോചനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് കുടുംബകോടതിയിൽ മധ്യസ്ഥ നടപടികൾ നടക്കെ സുലേഖയുടെ കക്ഷി ഒത്തുതീർപ്പു വ്യവസ്ഥയിൽ എതിർകക്ഷിക്കു നൽകാൻ 40 ലക്ഷം രൂപ സുലേഖയെ ഏൽപ്പിച്ചു. 2025 ജൂലൈയിൽ സുലേഖയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്. ഈ തുക എതിർ കക്ഷിക്കു കൊടുക്കാതെ സുലേഖയും ഭർത്താവും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. ഇതുസംബന്ധിച്ച് ഹാഷിം അഭിഭാഷകയെയും ഭർത്താവിനെയും പ്രതിയാക്കി പൊലീസിലും ഹൈക്കോടതിയിലും പരാതി നൽകി.
ഒളിവിൽപ്പോയ പ്രതികൾക്കെതിരെ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു. തുക പത്തു ദിവസത്തിനകം മടക്കി നൽകുമെന്ന പ്രതികളുടെ സത്യവാങ്മൂലത്തിന്മേൽ അറസ്റ്റുവാറന്റ് ഇടയ്ക്ക് മരവിപ്പിച്ചു. സത്യവാങ്മൂല വ്യവസ്ഥയും ലംഘിച്ചതോടെ കോടതി നടപടി കടുപ്പിച്ചു. തുടർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്. സുലേഖയ്ക്ക് ഒളിവിൽ പാർക്കാനുള്ള സൗകര്യം തമിഴ്നാട്ടിൽ ഒരുക്കിക്കൊടുത്തതും അരുൺദേവാണ്.









0 comments