സൂപ്പർ കഴുകൻമാർ ഇത്തവണയുമില്ല; ലോകകപ്പ് യോഗ്യത നേടാതെ നൈജീരിയ പുറത്ത്

റബാത്ത്: ലോകകപ്പ് ഫുട്ബോളിൽ ആഫ്രിക്കൻ കരുത്ത് കാട്ടാൻ സൂപ്പർ കഴുകൻമാർ ഇത്തവണയുമെത്തില്ല. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഡിആർ കോംഗോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് നൈജീരയ പുറത്തായത്. മൂന്നുതവണ പ്രീ ക്വാർട്ടറിൽ എത്തിയ നൈജീരിയ തുടർച്ചയായി രണ്ടാം തവണയാണ് ലോകകപ്പിൽ നിന്ന് പുറത്താവുന്നത്.
ജയം അനിവാര്യമായ മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ നൈജീരിയ ഗോൾ നേടിയിരുന്നു. മൂന്നാം മിനിറ്റിൽ ഫ്രാങ്ക് ഒനയേകയാണ് ടീമിന് ലീഡ് നേടി കൊടുത്തത്. എന്നാൽ 32-ാം മിനിറ്റിൽ മെച്ചക് എലിയ ഡിആർ കോംഗോയ്ക്ക് സമനില നേടിക്കൊടുത്തു. നിശ്ചിത സമയത്തും അധികസമയത്തും സമനില തുടർന്നതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-3 ആയിരുന്നു ഡിആർ കോംഗോയുടെ ജയം. ഇതോടെ കോംഗോ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിന് യോഗ്യത നേടി.
അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ ആകെ 48 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പിൽ ആറുതവണയാണ് നൈജീരിയ പന്തുതട്ടിയത്. അതിൽ മൂന്ന് തവണ പ്രീ ക്വാർട്ടർ (1994, 1998, 2014) എത്തി. 2014 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോടാണ് തോറ്റത്.
അതേസമയം എട്ട് തവണ ലോകകപ്പ് ഫുട്‌ബോൾ കളിച്ച കാമറൂണും പുറത്തായി. ആഫ്രിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ട് പ്ലേ ഓഫ് സെമിയിൽ കോംഗോയോട് ഒരു ഗോളിന് തോറ്റ് പുറത്തായി. എംബെംബ കോംഗോയുടെ വിജയഗോൾ നേടി. മറ്റൊരു മത്സരത്തിൽ നൈജീരിയ അധിക സമയക്കളിയിൽ ഗാബോണിനെ 4–1ന് തകർത്തു. അധിക സമയത്ത് വിക്ടർ ഒസിമെൻ ഇരട്ടഗോൾ നേടി.









0 comments