ആറുമാസം ഡിജിറ്റൽ അറസ്റ്റ്; ബംഗളൂരുവിലെ 57കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബംഗളൂരു: സിബിഐ ചമഞ്ഞ് ബംഗളൂരുവിൽ 57കാരിയിൽ നിന്ന് തട്ടിപ്പുസംഘം തട്ടിയെടുത്തത് 32 കോടി രൂപ. ആറു മാസത്തോളം 'ഡിജറ്റൽ അറസ്റ്റ്' ചെയ്താണ് പണം അപഹരിച്ചത്. 2024 സെപ്തംബറിൽ തുടങ്ങിയ തട്ടിപ്പ് 2025 മാർച്ച് വരെ തുടർന്നു.
ഡിഎച്ച്എൽ എക്‌സിക്യൂട്ടീവാണെന്ന് അവകാശപ്പെട്ട ഒരാളിൽ നിന്നാണ് ആദ്യം ഫോൺ വന്നത്. വനിതാ ടെക്കിയുടെ പേരിൽ മൂന്ന് ക്രെഡിറ്റ് കാർഡുകൾ, നാല് പാസ്‌പോർട്ടുകൾ, നിരോധിത എംഡിഎംഎ എന്നിവയുൾപ്പെടെ കമ്പനിയുടെ മുംബൈയിലെ അന്ധേരി കേന്ദ്രത്തിൽ എത്തിയിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഫോൺ. താൻ ബംഗളൂരുവിലാണ് താമസിക്കുന്നതെന്നും കൊറിയറുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞപ്പോൾ, പാർസലിൽ ഫോൺ നമ്പർ ഉള്ളതിനാൽ സൈബർ കുറ്റകൃത്യമാകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
പിന്നാലെ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി മറ്റൊരാൾ ഫോൺ ചെയ്യുകയായിരുന്നു. ഐഡന്റിറ്റി ദുരുപയോഗം ചെയ്തവർ നിരീക്ഷിക്കുന്നുണ്ടെന്നും പ്രാദേശിക പൊലീസിനെ സമീപിക്കരുതെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടുകാരെ അറിയിച്ചാൽ അവരെയും കേസിൽ കുടുക്കുമെന്നും പറഞ്ഞു. മകന്റെ വിവാഹം അടുത്തിരിക്കുന്ന സമയമായതിനാൽ ഇവർ തട്ടിപ്പുകാരുടെ ആവശ്യങ്ങൾ അനുസരിക്കുകയായിരുന്നു.
പിന്നീട് സെപ്റ്റംബർ 23ന് ഒരു ഹോട്ടലിൽ വെച്ച് സ്കൈപ്പിലൂടെ അവരെ ചോദ്യം ചെയ്യുകയും ആസ്തികൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇവരുടെ നിർദ്ദേശപ്രകാരം ഫിക്സഡ് ഡിപ്പോസിറ്റുകൾ അടക്കം പിൻവലിച്ച് 187 തവണകളായി ഇടപാട് നടത്തിയാണ് 31.83 കോടി രൂപ കൈമാറിയത്. 2025 മാർച്ച് 26 വരെ ഡിജിറ്റൽ അറസ്റ്റ് തുടർന്നു.
മകന്റെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജൂണിൽ ആയിരുന്നു മകന്റെ വിവാഹം. ഡിജിറ്റൽ അറസ്റ്റിന്റെ ഞെട്ടലിൽ നിന്ന് മാറാൻ സമയമെടുത്തതാണ് പരാതി നൽകാൻ വൈകിയതെന്ന് അവർ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, ഈസ്റ്റ് സൈബർ ക്രൈം പൊലീസ് നവംബർ 14ന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ച പൊലീസ് ഇടപാടുകളുടെ വിവരങ്ങൾ പരിശോധിച്ചു വരികയാണ്.









0 comments