അനീഷ് ജോർജിന്റെ കുടുംബം പറഞ്ഞത് പോലും വിശ്വസിക്കാൻ വി ഡി സതീശനാകുന്നില്ല; നീക്കം ബിജെപിയെ സഹായിക്കാൻ: കെ കെ രാഗേഷ്

കണ്ണൂർ: ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിന്റെ പിതാവും കുടുംബവും പറഞ്ഞ കാര്യങ്ങൾ പോലും വിശ്വസിക്കാൻ വി ഡി സതീശൻ തയ്യാറാകുന്നില്ലെന്നും ബിജെപിയെ സഹായിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ നീക്കമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.
'മകൻ പുലർച്ചെവരെ ജോലി ചെയ്യുന്നതും ബുദ്ധിമുട്ടിയതും പിതാവ് മാധ്യമങ്ങളോട് പറഞ്ഞ കാര്യമാണ്. എങ്ങനെയെങ്കിലും സിപിഐ എമ്മിനെ കുറ്റക്കാരാകാമെന്നാണ് സതീശൻ കരുതുന്നത്. എസ്ഐആറിന്റെ ലക്ഷ്യം രാഹുൽ ഗാന്ധിതന്നെ വിളിച്ചു പറഞ്ഞിട്ടും പ്രതിപക്ഷ നേതാവിന് അതല്ല പ്രധാനം. ആർഎസ്എസിന്റെ അഭിപ്രായമാണ് വി ഡി സതീശൻ പിന്തുടരുന്നത്. ബിജെപിയെ സഹായിക്കാനാണ് ഈ നീക്കം. ചുരുങ്ങിയ സമയത്തിൽ അമിത ജോലി കൊടുക്കുന്നത് വഴി അതീവ സമ്മർദ്ദത്തിലാണ് ജീവനക്കാർ. രാജ്യത്തിന്റെ പലയിടത്തും ആത്മഹത്യ നടക്കുകയാണ്. ഇലക്ഷൻ ചുമതലയുള്ള കലക്ടർക്ക് മറിച്ചൊരു റിപ്പോർട്ട് കൊടുക്കാനാകില്ല, നിരവധിയായ പരിമിതിയാണ് സ്വാഭാവികമായും കലക്ടർക്കുള്ളത്.' - കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക 18ാം ബൂത്ത് ബിഎൽഒ ആയ അനീഷ് ജോർജിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ വൈശാഖ് അനീഷിനെതിരെ ഫോറം വിതരണത്തിന് ഒപ്പം കൂട്ടുന്നില്ലെന്ന് ആരോപിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതും അനീക്ഷിനെ വല്ലാതെ സമ്മർദ്ദത്തിലാഴ്ത്തി.
കുന്നരു എയുപി സ്കൂളിലെ ഓഫീസ് അറ്റൻഡ് ആയിരുന്ന അനീഷിന് ഫോറം വിതരണവും പൂരിപ്പിക്കലും തിരികെ ശേഖരിക്കലുമുൾപടെയുളള ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞിരുന്നതായി അനീഷിൻ്റെ കുടുംബ അംഗങ്ങൾ വെളിപ്പെടുത്തി. ജോലി സമ്മർദം കാരണം മൂന്ന് തവണ ജോലിയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ശനിയാഴ്ച രാത്രി ഒന്നരവരെ അനീഷ് ഫോറം പൂരിപ്പിക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നതായി അച്ഛൻ പറഞ്ഞു.
വോട്ടർപ്പട്ടിക തീവ്രഃപുനപരിശോധനയുടെ ഭാഗമായി കടുത്ത ജോലി സമ്മർദമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് തിങ്കളാഴ്ച രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫീസർ ട്രെയിനിനുമുമ്പിൽ ചാടി ജീവനൊടുക്കി. ഞായറാഴ്‌ച ജയ്‌പുരിലെ ബിന്ദായകയിലാണ് സംഭവം. സ്‌കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് മരിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് കടുത്ത സമ്മർദം ഉണ്ടായിരുന്നെന്നും സൂപ്പർവൈസർ സസ്‌പെൻഷൻ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.









0 comments