ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്: 'രാജകുമാരി'യുടെ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പുറത്തിറക്കി

കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് വെള്ളിത്തിരയിലെത്തുന്നു. 'രാജകുമാരി' എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യർ പുറത്തിറക്കി. സിനിമയിൽ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നൽകുന്നതാണ് ചിത്രമെന്ന് അണിയറക്കാർ പറഞ്ഞു.
വലിയ സ്വപ്‌നങ്ങളുമായി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്ന ജാനകി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ നിർമ്മിക്കുന്നു. അഷ്‌നാ റഷീദാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ.
ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായികാ കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ചിത്രത്തിലെ നായകൻ. ത്രില്ലർ മൂഡിലാണ് ചിത്രത്തിന്റെ അവതരണം. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
2020-ലാണ് കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഉത്രയെ ഭർത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.








0 comments