'എല്ലാവർക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സയും' ; എൽഡിഎഫ് പ്രകടനപത്രിക

തിരുവനന്തപുരം : എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകി തദ്ദേശതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പെടെ പ്രകടനപത്രികയിലുണ്ട്. ഭരണത്തിൽ കൂടുതൽ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള കർമ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു.
എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ നേതാവ് സത്യൻ മൊകേരി, ഉഴമലയ്ക്കൽ വേണുഗോപാൽ, എംഎൽഎ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, മാത്യു ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിൽ വന്നതും അധികാരം നിലനിർത്താൻ ശ്രമിക്കുന്നതും. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനോടൊപ്പം ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ ശക്തികളുമായി ബാന്ധവത്തിലാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. നിയോലിബറൽ നയങ്ങൾക്കു തുടക്കംകുറിച്ചത് കോൺഗ്രസാണ്. ആ നയങ്ങൾ പൂർവാധികം ശക്തമായി ബിജെപി മുന്നോട്ട് കൊണ്ടുപോവുകയാണ്. സാമ്പത്തിക അഭിവൃദ്ധിയോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ക്ഷേമവും ഉറപ്പുവരുത്താനുതകുന്ന ഒരു സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാ നടപ്പാക്കുന്നതെന്നും പ്രകടനപത്രികയിൽ പറയുന്നു.








0 comments