'പന്ത് വലിയ തോതില്‍ ടേണും ബൗൺസും ചെയ്താല്‍ ബാറ്റര്‍മാരുടെ മികവിന് റോളില്ല; ഇത്തരം പിച്ചുകളാണേൽ ടെസ്റ്റ് ക്രിക്കറ്റ് മരിക്കും' : ഹർഭജൻ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ നേരിട്ട ദയനീയ പരാജയത്തിൽ വിവാദം മുറുകുന്നു. ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെ സംബന്ധിച്ചുള്ള പ്രശ്നത്തിൽ മുൻതാരം ഹർഭജൻ സിങ്ങും രംഗത്തെത്തി. ഇത്തരം പിച്ചുകള്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുമെന്നാണ് താരം പ്രതികരിച്ചത്.
മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുടർച്ചയായി വീണതിന്റെയും ഭാഗമാണ് വിവാദം. ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്ന മറുപടിയുമായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി തോൽവിക്ക് പിന്നാലെ എത്തിയിരുന്നു.
'ടെസ്റ്റ് ക്രിക്കറ്റിനെ കളിയാക്കുന്നത് പോലെയാണിത്. ബാറ്റര്‍മാര്‍ക്ക് ഒരു സാധ്യതയുമില്ലാത്ത പിച്ചാണ് ഈഡനിൽ ഒരുക്കിയത്. പന്ത് വലിയ തോതില്‍ ടേണ്‍ ചെയ്യുകയും ബൗണ്‍സ് ഉണ്ടാവുകയും ചെയ്താല്‍ ബാറ്റര്‍മാരുടെ സാങ്കേതികത എത്ര മികച്ചതാണെങ്കിലും പ്രത്യേകിച്ച് കാര്യമില്ല.' - ഹർഭജൻ പ്രതികരിച്ചു.
മൂന്നാംദിനം വെറും 124 റണ്ണായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. പതിമൂന്നാം ടെസ്‌റ്റ് കളിക്കുന്ന സിമോൺ ഹാർമർ എന്ന ഓഫ് സ്‌പിന്നർക്ക് മുന്നിൽ ഇൗയാംപാറ്റകളെ പോലെ കൊഴിഞ്ഞുവീഴുന്ന ഇന്ത്യൻ താരങ്ങളെയാണ് പിന്നീട് കണ്ടത്. മൂന്നക്കം കാണുംമുന്പ് കൂടാരം കയറി. 35 ഓവറിൽ 93 റണ്ണിന് പുറത്ത്. പരിക്കുകാരണം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ബാറ്റ് ചെയ്യാനിറങ്ങിയില്ല. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 153നാണ് അവസാനിച്ചത്. 15 വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യ മണ്ണിൽ ഒരു ജയം നേടുന്നത്. 2010ലായിരുന്നു അവസാന ജയം. ഏറ്റവും ചെറിയ സ്‌കോർ പ്രതിരോധിച്ച് ജയിക്കുന്നതിൽ രണ്ടാംസ്ഥാനമാണ് ആഫ്രിക്കക്കാർക്ക്.
ആവശ്യപ്പെട്ട പിച്ചെന്ന് ഗംഭീർ
ഇന്ത്യൻ ടീം ആവശ്യപ്പെട്ട പിച്ചാണ് കൊൽക്കത്ത ഇൗഡൻ ഗാർഡനിൽ ലഭിച്ചതെന്ന് കോച്ച് ഗൗതം ഗംഭീർ പറഞ്ഞു. സ്‌പിന്നർമാർക്ക് അനുകൂലമായിരുന്നു പിച്ച്. ആവശ്യപ്പെട്ട രീതിയിലാണ് ക്യുറേറ്റർ പിച്ച് തയ്യാറാക്കിയത്. 124 റൺ എടുത്ത് ജയിക്കാവുന്ന സാഹചര്യമായിരുന്നു. ബാറ്റർമാർക്ക് കളിക്കാൻ പറ്റാത്തതൊന്നും പിച്ചിൽ ഉണ്ടായിരുന്നില്ലെന്ന് ഗംഭീർ സമ്മതിച്ചു.
ഇന്ത്യയുടെ ‘ചെറിയ’ തോൽവികൾ
ചെറിയ സ്‌കോർ പിന്തുടർന്ന് ലക്ഷ്യം കാണുന്നതിൽ ഇന്ത്യ പരാജയപ്പെടുന്നത് ഇതാദ്യമായല്ല. 1997ൽ വെസ്‌റ്റിൻഡീസിനെതിരെ 120 റൺ ലക്ഷ്യവുമായി ഇന്ത്യ 81 റണ്ണിന് പുറത്താകുകയായിരുന്നു. ന്യൂസിലൻഡിനോട് കഴിഞ്ഞ വർഷം 147 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം 121ന് പുറത്തായി. ദക്ഷിണാഫ്രിക്ക ഇത് രണ്ടാംതവണയാണ് ചെറിയ സ്‌കോർ പ്രതിരോധിക്കുന്നത്. ഇതിന് മുന്പ് 1994ൽ ഓസ്‌ട്രേലിയയോട് 117 റൺ പ്രതിരോധിച്ചിരുന്നു.








0 comments