കലിക്കറ്റ് വിസി നിയമനം: സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഗവര്‍ണർക്ക് നോട്ടീസ്

കൊച്ചി: കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലർകൂടിയായ ഗവർണർ രൂപീകരിച്ച സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ നിയമസാധുത ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഗവര്‍ണര്‍ക്കും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മൂന്നംഗ കമ്മിറ്റിയിലേക്ക് സെനറ്റ് നാമനിർദേശം ചെയ്ത പ്രൊഫ. എ സാബു രാജിവച്ചതോടെ കമ്മിറ്റി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് വൈസ് ചാൻസലർ നിയമനത്തിനുള്ള പൊതു വിജ്ഞാപനങ്ങൾ ഇറക്കേണ്ടത് ഉന്നതവിദ്യാഭ്യാസ വകുപ്പാണെന്നിരിക്കെ, അമിതാധികാര പ്രയോഗമാണ് ചാൻസലർ നടത്തിയതെന്നും ഹർജിയിൽ പറയുന്നു.
വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത സെനറ്റ് പ്രതിനിധിയെ കലിക്കറ്റ് സർവകലാശാല ഔദ്യോഗികമായി അറിയിക്കുന്നതിന് മുന്നേ വിസി നിയമനത്തിന് ഗവർണറുടെ ഓഫീസ് വിജ്ഞാപനമിറക്കുകയായിരുന്നു. സെനറ്റ് പ്രതിനിധിയായി ഡോ. എ സാബുവിനെ തെരഞ്ഞെടുത്ത ഫയൽ ചാൻസലറായ ഗവർണറുടെ ഓഫീസിലേക്ക് കലിക്കറ്റ് സർവകലാശാലയിൽ നിന്നും അയച്ചിരുന്നില്ല. ഇതു സംബന്ധിച്ച ഫയൽ താൽക്കാലിക വൈസ് ചാൻസലറുടെ ഓഫീസിലാണുള്ളത്. ഇവിടെനിന്നും ഒപ്പിട്ട് ലഭിച്ചാൽ മാത്രമേ ചാൻസലർ ഓഫീസിലേക്ക് ഔദ്യോഗികമായി കൈമാറൂ. ഇതിന് മുന്നേ സാബുവിനെ ഉൾപ്പെടുത്തിയാണ് വിസി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറക്കിയത്.









0 comments