ശിൽപ്പപാളി കവർച്ച: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പടിയിലെയും സ്വർണം മോഷണംപോയ കേസിൽ മുൻകൂർ ജാമ്യം തേടി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ
ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറിൽ സാക്ഷിയായി ഒപ്പിട്ടത് ശ്രീകുമാറാണ്. മേലുദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് മഹസറിൽ ഒപ്പിട്ടതെന്ന് ശ്രീകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ ചുമതല തനിക്കുണ്ടായിരുന്നില്ല. സ്വർണം പൂശാനുള്ള തീരുമാനം താൻ സ്ഥാനം ഏൽക്കുന്നതിന് മുൻപ് എടുത്തതെന്നും ശ്രീകുമാർ അറിയിച്ചു. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘം സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. പാളികളിലെ സാമ്പിളുകൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കും. ശാസ്ത്രീയപരിശോധന നടത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിലവിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് അന്വേഷിക്കുന്നത്.









0 comments