അടിതീർക്കാനാകാതെ കോൺഗ്രസ്; ശക്തി കാട്ടാൻ വിമതപ്പട

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ സീറ്റുകൾക്കുവേണ്ടിയുള്ള അടി തീർക്കാനാകാതെ കോൺഗ്രസ്. സ്ഥാനാർഥി പ്രഖ്യാപനം നടത്തി എൽഡിഎഫ് കളം നിറഞ്ഞിട്ടും യുഡിഎഫ് കിതച്ചുനിൽപ്പാണ്. സീറ്റ് തർക്കം പരിഹരിക്കാനുള്ള ചർച്ചയായിരുന്നു ഇത്രയും ദിവസം. ഞായറാഴ്‌ചയാണ് സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ ധാരണയായത്. സ്ഥാനാർഥിക്കുപ്പായമിട്ടവരുടെ തർക്കം തീർക്കാനുള്ള ചർച്ചകളാണിനി. കോൺഗ്രസ് പട്ടികയിലുൾപ്പെടാനുള്ള ശ്രമത്തിലാണ് പല ഡിവിഷനുകളിലും നേതാക്കളുൾപ്പെടെ. രണ്ടും മൂന്നും പേരാണ് പലയിടത്തും കുപ്പായമിട്ടത്. ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുമായുള്ള ബന്ധവുമെല്ലാം ഉപയോഗപ്പെടുത്തി പട്ടികയിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിലാണ് കൂടുതൽ അടി നടക്കുന്നത്. എൽഡിഎഫിന്റെ കൈയിലുള്ള സീറ്റിനും ആവശ്യക്കാരുണ്ട്. സിറ്റിങ് സീറ്റിൽ അപ്രതീക്ഷിത തിരുകിക്കയറ്റൽ നേതൃത്വം നടത്തുന്നുവെന്ന വികാരവും പ്രാദേശിക നേതാക്കൾക്കുണ്ട്. പയ്യാമ്പലം, ഉദയംകുന്ന്, പഞ്ഞിക്കയിൽ തുടങ്ങിയ ഡിവിഷനുകളിലെ തർക്കം എങ്ങനെ തീർക്കാനാകുമെന്ന ചിന്തയിലാണ് കോൺഗ്രസ്. ഉദയംകുന്നിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി കൂക്കിരി രാജേഷ് വോട്ടർമാരെയും കൂട്ടിയാണ് കഴിഞ്ഞദിവസം ഡിസിസി ഓഫീസിലെത്തിയത്. പയ്യാമ്പലത്ത് ഡെപ്യുട്ടി മേയർ പി ഇന്ദിരയെ സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.
പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് കൾച്ചറൽ ഫോറവുമായി ബന്ധപ്പെട്ടവർ സ്ഥാനാർഥികളായെത്തുന്നതും കോൺഗ്രസിന് തലവേദനയാകും. പ്രാദേശിക കമ്മിറ്റികൾ നിർദേശിക്കുന്നവരെ സ്ഥാനാർഥികളാക്കിയില്ലെങ്കിലും താൽപര്യമുള്ളവരെ സ്ഥാനാർഥികളാക്കിയില്ലെങ്കിലും വിമതശല്യമുണ്ടാകുമെന്നതും കോൺഗ്രസിനെ കുഴക്കുന്നുണ്ട്. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി സി താഹ നിലവിൽ പള്ളിപ്പൊയിലിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെഞ്ഞടുപ്പിൽ വിമത സ്ഥാനാർഥി വിജയിച്ച ചരിത്രവുമുണ്ട്. വാരം ലീഗിന് നൽകിയതിനെതിരെയും വികാരം ശക്തമാണ്.









0 comments