റീൽസുകൾ നിറഞ്ഞാലും ചുവരെഴുത്ത് വൈബാണ്

കാസർകോട് നിമിഷനേരംകൊണ്ട് ഫെയ്‌സ്‌ബുക്ക് വാളിലും (ചുമരിലും) ഇൻസ്‌റ്റാ റീൽസിലും പ്രചാരണചിത്രം തെളിയുമെങ്കിലും മാറിയകാലത്തെ തെരഞ്ഞെടുപ്പിലും വീറും വാശിയും തെളിയുന്നത് ചുവരെഴുത്തുകളിലാണ്. തദ്ദേശപ്പോരിന് വിസിൽ മുഴങ്ങിയതോടെ കുമ്മായവും കലക്കിയിറങ്ങി കൊടക്കാട് കണ്ണാടിപ്പാറയിൽ ചുവരെഴുതാൻ ഇറങ്ങിയ ടീമിന്റെ വൈബൊന്നുവേറെ തന്നെയെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളച്ചാലിലെ പി വി രതീഷിന്റെ വാക്കുകേട്ടാൽ മതി. ‘‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ നമ്മളെ ജോലിയെല്ലാം മറക്കും. മക്കൾ ഇൻസ്‌റ്റയിലും വാട്‌സാപ്പിലും റീൽസ് തയ്യാറാക്കിയിടുമെങ്കിലും ചുവരെഴുതാതെ സമാധാനമില്ല. എൽഡിഎഫിനുവേണ്ടി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചുവരെഴുതാൻ തുടങ്ങിയതാ. കാലം മാറിയെങ്കിലും ചുവരെഴുതിയ സന്തോഷം നിറഞ്ഞുനിൽക്കുന്നു. ചുവരെഴുത്തിലൂടെ സ്ഥാനാർഥികളെ നാട് അറിഞ്ഞിരുന്ന കാലമൊക്കെ പോയെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചൂടും വാശിയും അറിയുന്നത് വാർഡുകളിലെ മതിലുകളിൽ നിറയുന്ന ചുവരെഴുത്തുകളിലാണ്. മനസുനിറയെ ചുവപ്പിൻ നിറക്കൂട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയമാണ് ഇവരുടെ ലക്ഷ്യം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാട്ടിലെ ചുമരുകളെല്ലാം ഇവരെഴുതുന്ന അരിവാളും ചുറ്റികയും നിറയുകയാണ്. ഹൈടെക് സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തിൽ തൊഴിൽ നഷ്ടമായ ചുവരെഴുത്തു കലാകാരന്മാർക്ക് തെരഞ്ഞെടുപ്പുകാലം ഉയിർത്തെഴുന്നേൽപ്പിന്റെ കാലംകൂടിയാണ്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ എൽഡിഎഫ് കേന്ദ്രങ്ങളിൽ മതിലുകളിൽ ചുവരെഴുത്തുകൾ നിറഞ്ഞു തുടങ്ങി. രാപകൽ വ്യത്യാസമില്ലാതെ വാർഡുകൾ തോറും ഇപ്പോൾ ചുവരെഴുത്തുകൾ നടക്കുന്നുണ്ട്. പലരെയും ദിവസങ്ങളോളം ബുക്ക് ചെയ്തിരിക്കുകയാണ്. സ്വന്തം കലാവൈഭവത്താൽ ചുവരുകളിൽ തെളിയുന്ന ചുവരെഴുത്തെന്ന കലാവൈഭവത്തിന് പലവിധ ടൂളുകളിലൂടെയുണ്ടാക്കുന്ന പുതിയ പ്രചാരണ രീതിക്കുണ്ടാകില്ലെന്നാണ് ആർടിസ്‌റ്റ് നീലിമ സുരേഷിന്റെയും അഭിപ്രായം. പുതിയ സാങ്കേതിക വിദ്യ എല്ലാ രംഗത്തും ഞാനുമുപയോഗിക്കുന്നുണ്ടെങ്കിലും ചുവരെഴുത്തിന്റെ തെളിമ ഒന്ന് വേറെ തന്നെയെന്നാണ് സുരേഷ് പറയുന്നത്.









0 comments