ആൻ സാറ ജോൺസനെ നെഞ്ചേറ്റി വോട്ടര്‍മാര്‍

കെ ആർ ബൈജു
Published on Nov 17, 2025, 02:30 AM | 1 min read
മുളന്തുരുത്തി
ജന്മനാടിന്റെ സ്നേഹം തൊട്ടറിഞ്ഞ് ജില്ലാപഞ്ചായത്ത് മുളന്തുരുത്തി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആൻ സാറ ജോൺസന്റെ പര്യടനം. ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയായ ആൻ, കന്നിയങ്കത്തിന്റെ ആവേശത്തിലാണ് വോട്ടർമാരെ കണ്ടത്. തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയപ്രധാന്യം എടുത്തുപറഞ്ഞാണ് വോട്ടഭ്യർഥന. യുവത്വത്തിന്റെ പ്രസരിപ്പും ആത്മവിശ്വാസവും വാക്കുകളിലും പ്രകടമാക്കുന്ന സ്ഥാനാര്‍ഥിയെ ഏറെ സന്തോഷത്തോടെയാണ് വോട്ടർമാർ സ്വീകരിച്ചത്.
ഞായര്‍ രാവിലെ ആരക്കുന്നത്ത് വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച ആൻ സാറ ജോൺസണ്‍, ആരക്കുന്നം സെന്റ് ജോർജ് പള്ളിയിലെത്തി വൈദികരെയും ഇടവക അംഗങ്ങളെയും കണ്ട് വോട്ടഭ്യർഥിച്ചു. സ്വന്തം ഇടവകയായ മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും സന്ദര്‍ശനം നടത്തി. മുളന്തുരുത്തി പള്ളിത്താഴത്തും അരയങ്കാവിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റിലും എത്തി പിന്തുണ തേടി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അവഗണനയെ തുടർന്ന് കൃഷി അവതാളത്തിലായ തോട്ടറ പുഞ്ചയിലെ കർഷകരുമായും സംസാരിച്ചു. ആമ്പല്ലൂരിലും മണീടും പര്യടനം നടത്തി.










0 comments