പാകിസ്ഥാനിലെ അനധികൃത പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഏഴ് മരണം

കറാച്ചി: പാകിസ്ഥാനിലെ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ പടക്ക നിർമാണ ശാലയിലാണ് അപകടം.
ലത്തീഫാബാദ് പ്രദേശത്തെ ലൈസൻസില്ലാത്ത ഒരു പടക്ക നിർമ്മാണ യൂണിറ്റിലാണ് ശനിയാഴ്ച രാത്രി സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെത്തുടർന്ന് വീടിന്റെ ഒരു ഭാഗം തകർന്നു. ഇതുവരെ ഏഴ് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകൾ പറഞ്ഞു.
രക്ഷാപ്രവർത്തനം പൂർത്തിയായതിനുശേഷം മാത്രമേ സ്‌ഫോടനത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ. ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ചില ആളുകളും കുട്ടികളും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അനധികൃത പടക്ക നിർമാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ലത്തീഫാബാദ് അസിസ്റ്റന്റ് കമീഷണർ സൗദ് ലുൻഡ് സ്ഥിരീകരിച്ചു. ഫാക്ടറിയുടെ ഉടമ ഒളിവിലാണെന്നും വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തിൽ പരിക്കേറ്റ ആറ് പേരിൽ മൂന്ന് പേർക്ക് 98 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. ആഗസ്തിൽ കറാച്ചിയിലെ ഒരു അനധികൃത പടക്ക നിർമാണ ഫാക്ടറിയിൽ സമാന സ്ഫോടനം നടന്നിരുന്നു. അതിൽ രണ്ട് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.









0 comments