വിംബിൾഡണിൽ ഇന്ന് ത്രില്ലർ

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ യുവതാരങ്ങൾ ഇന്ന് മുഖാമുഖം. സ്‌പെയ്‌നിന്റെ കാർലോസ് അൽകാരസും ഇറ്റലിയുടെ യാനിക് സിന്നെറും ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ ഏറ്റുമുട്ടുമ്പോൾ ക്ലാസിക് ത്രില്ലറാകും. രാത്രി എട്ടരക്ക് കളി തുടങ്ങും. കഴിഞ്ഞമാസം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇരുവരും പൊരുതിയപ്പോൾ കളി നീണ്ടത് 5.29 മണിക്കൂറാണ്. ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിൽ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഫൈനലായി മാറി.
സെമിയിൽ സിന്നെർ സെർബിയൻ താരം നൊവാക് ജൊകോവിച്ചിനെ 6–-3, 6-3, 6–-4ന് തകർത്തു. അൽകാരസ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ 6–-4, 5–-7, 6–-3, 7–-6ന് കീഴടക്കി. രണ്ടാം റാങ്കുകാരനായ അൽകാരസ് ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടുതവണയും ഫൈനലിൽ ജൊകോയെ തോൽപ്പിച്ചു. ഒന്നാം റാങ്കുള്ള സിന്നെറാകട്ടെ ആദ്യ കിരീടം ആഗ്രഹിക്കുന്നു. വിംബിൾഡൺ ചരിത്രത്തിൽ നാല് കളിക്കാരാണ് ഹാട്രിക് തികച്ചിട്ടുള്ളത്.









0 comments