ഓഹ് സിന്നർ ! അടിച്ചു തകർത്ത അൽകാരസിന്റെ മോഹങ്ങൾ ചെറുതല്ല

വിംബിൾഡണിൽ ഹാട്രിക് കിരീടമെന്ന കാർലോസ് അൽകാരസിന്റെ മോഹം തച്ച് തകർത്താണ് ഇറ്റലിക്കാരൻ യാനിക് സിന്നർ കന്നിക്കിരീടം നേടിയത്. ഇരുപത്തിമൂന്നുകാരനായ സിന്നറുടെ ആദ്യ വിംബിൾഡൺ നേട്ടമാണ്. ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോട് ഏറ്റ് പരാജയപ്പെട്ടതിന്റെ മുറിവുണക്കൽ കൂടിയായിരുന്നു ഇത്.
ഗ്രാൻസ്‍ലാം ഫൈനലിൽ ഈ മത്സരത്തിലൂടെ കാർലോസിന് പരാജയത്തിന്റ നോവ് ആദ്യമായി പകർന്നു നൽകിയതും സിന്നറാണ്. 24 മത്സരങ്ങൾ നീണ്ട അൽകാരസിന്റെ അജയ്യമായ കുതിപ്പിന് 23 കാരനിൽനിന്നേറ്റ കടും വെട്ട്. ഫൈനലിൽ 4–6, 6–4, 6–4, 6–4ന് മേധാവിത്തം കയ്യിലാക്കി.
പിന്നിൽ നിന്നുള്ള തിരിച്ചടി
ഫ്രഞ്ച് ഓപ്പണിലെ കലാശപ്പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കാർലോസ് അൽകാരസ് യാനിക് സിന്നറിനെ വീഴ്ത്തിയത്. അതേ നാണയത്തിലായിരുന്നു ഇത്തവണ തിരിച്ചടി. 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അൽകാരസ് കിരീടം ചൂടിയത്. എങ്കിൽ ഫൈനലിൽ നാലു സെറ്റിനുള്ളിൽ സിന്നർ കണക്ക് തീർത്തു.
ജാനിക് സിന്നർ ലോക ഒന്നാം നമ്പർ താരമായിരിക്കാം, പക്ഷേ 2025 ലെ വിംബിൾഡൺ ഫൈനലിലേക്ക് കടക്കുമ്പോൾ, കാർലോസ് അൽകറാസിനെ അട്ടിമറിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് വളരെ കുറച്ച് പേർ മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ. 2023 ലെ ബീജിംഗ് സെമിഫൈനൽ മുതൽ തുടർച്ചയായി അഞ്ച് തവണ സിന്നറിനെ താരം പരാജയപ്പെടുത്തിയിരുന്നു. 24 തവണ ഗ്രാൻഡ്സ്ലാം ജേതാവായ നൊവാക് ജോക്കോവിച്ചിനെ അൽകാരാസ് എങ്ങനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തതെന്ന് ഓരോ ആരാധകരും മനസിൽ അഭിമാനിച്ചിരുന്നു. പക്ഷെ, സിന്നർ അവയെല്ലാം തകർത്തു.
നിലവിൽ ലോക ഒന്നാം നമ്പർ താരമായ യാനിക് സിന്നെർ വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന തന്റെ രാജ്യത്ത് നിന്നുള്ള ആദ്യ പുരുഷ താരമാണ്. ഏഴുവട്ടം ജേതാവായ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ തകർത്താണ് ഒന്നാം സീഡായ ഇറ്റലിയുടെ യാനിക് സിന്നർ ഫൈനലിൽ കടന്നത്. ജോക്കോവിച്ചിന്റെ 25 ഗ്രാൻസ്ലാം കിരീടമെന്ന മോഹമാണ് അന്ന് തകർത്തെറിഞ്ഞത്.
റാഫേൽ നഡാലിനുശേഷം തുടരെ മൂന്നുതവണ വിംബിൾഡൺ ഫൈനൽ കളിക്കുന്ന സ്പാനിഷ് താരമായാണ് അൽക്കരാസ് ഫൈനലിൽ സിന്നറെ നേരിട്ടത്. ഓപ്പൺ കാലഘട്ടത്തിൽ ബ്യോൺ ബോർഗ്, പീറ്റ് സാംപ്രസ്, റോജർ ഫെഡറർ, ജോക്കോവിച്ച് എന്നിവർ മാത്രമാണ് വിംബിൾഡണിൽ ഹാട്രിക് തികച്ച താരങ്ങൾ.
ഈ നിരയിലേക്കുള്ള കുതിപ്പിനാണ് പവർ ഗെയിമിലൂടെ ഇരുപത്തി മൂന്നുകാരൻ സിന്നർ തടയിട്ടത്.
സിന്നറുടെ പ്രതികരണം
"സത്യസന്ധമായി, കൂടുതലും വൈകാരികമായി എന്നു പറയാം, പാരീസിൽ എനിക്ക് വളരെ കഠിനമായ തോൽവി നേരിടേണ്ടിവന്നു, ദിവസാവസാനം, നിങ്ങൾ ജയിച്ചാലും തോറ്റാലും - നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം,"
"ആ തോൽവി അംഗീകരിക്കാനും, അതിൽ നിന്ന് പഠിക്കാനും, കൂടുതൽ കഠിനാധ്വാനം ചെയ്യാനും ഞാൻ ശ്രമിച്ചു. അതാണ് ചെയ്തത്. ഇപ്പോൾ ഞാൻ ഈ ട്രോഫി കൈവശം വയ്ക്കുന്നതിന്റെ ഒരു കാരണം അതാണ്. ആരോഗ്യവാനായിരിക്കുന്നതിലും, എന്റെ ചുറ്റും മികച്ച ആളുകളുള്ളതിലും ഞാൻ വളരെ നന്ദിയുള്ളവനാണ് - അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ട്രോഫി കൈവശം വയ്ക്കുന്നതിന് വളരെയധികം അർത്ഥമുണ്ട്,"









0 comments