വീനസ് വീണ്ടും തിളങ്ങുന്നു, 45-ാം വയസില്‍ യു എസ് ഓപ്പണിൽ വൈൽഡ് കാർഡ് എൻട്രി

ന്യൂയോർക്ക്: വീനസ് വില്യംസ് യുഗം അവസാനിക്കുന്നില്ല. നല്പത്തിയഞ്ചാം വയസിൽ വൈൽഡ് കാർഡ് എൻട്രിയിൽ അവർ യു എസ് ഓപ്പൺ മത്സരത്തിന് അവസരം സ്വന്തമാക്കി.
രണ്ടുവട്ടം വനിതാ സിംഗിൾസ് ചാംപ്യനായ വീനസിനു വൈൽഡ് കാർഡ് എൻട്രി നൽകിയതായി സംഘാടകർ അറിയിച്ചു. ആഗസ്ത് 25 മുതലാണ് ഈ വർഷത്തെ യുഎസ് ഓപ്പൺ മത്സരങ്ങൾ.
16 മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസമാണ് താരം വീണ്ടും കളത്തിലിറങ്ങിയത്. വാഷിങ്ടൺ ഓപ്പണിലെ ആദ്യ റൗണ്ട് മത്സരം ജയിച്ചതോടെ അവർ ഒരു ഡബ്ല്യുടിഎ സിംഗിൾസ് മത്സരം ജയിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഇതിന് പിന്നാലയാണ് യു എസ് ഓപണിലേക്ക് വൈൽഡ് കാർഡ് എൻട്രി.
വീനസ് വില്യംസ് യുഎസ് ഓപ്പണിൽ ഗ്രാൻഡ് സ്ലാം ടെന്നീസിൽ തിരിച്ചെത്തുമ്പോൾ പതിറ്റാണ്ടുകൾ പിന്നിട്ട ഒരു റെക്കോഡ് കൂടിയാണ് തിരുത്തുന്നത്. 1981-ൽ റെനീ റിച്ചാർഡ്സ് 47 വയസ്സ് തികഞ്ഞതിനുശേഷം കളിക്കളത്തിൽ ഇറങ്ങിയ ചരിത്രത്തെ വീനസ് 45 വയസിൽ മറികടക്കുന്നു.
2023-ലെ യുഎസ് ഓപ്പണിൽ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ പങ്കെടുത്തു എങ്കിലും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. 2019 മുതൽ അവർ സിംഗിൾസ് മത്സരത്തിൽ വിജയം കണ്ടിട്ടില്ലായിരുന്നു. ഫോം തിരിച്ചെടുത്ത് താരത്തിന്റെ തിരിച്ചു വരവ് ടെന്നീസ് ആരാധകരിൽ ആവേശം പകർന്നിരിക്കയാണ്. ഇറ്റാലിയൻ നടി ആൻഡ്രിയ പ്രീതിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് പ്രഖ്യാപിച്ചാണ് അവസാനമായി അവർ വാർത്തകളിൽ നിറഞ്ഞത്.
2000-ലും 2001-ലും യുഎസ് ഓപ്പണിൽ ഉൾപ്പെടെ ഏഴ് പ്രധാന സിംഗിൾസ് ചാമ്പ്യൻഷിപ്പുകൾ വീനസ് വില്യംസ് സ്വന്തമാക്കിയിട്ടുണ്ട്. വനിതാ ഡബിൾസിൽ 14 ചാമ്പ്യൻഷിപ്പുകളും അവർ നേടിയിട്ടുണ്ട്, എല്ലാം അനുജത്തി സെറീന വില്യംസിന് ഒപ്പമുള്ള കൂട്ട്കെട്ടിൽ ആയിരുന്നു. കൂടാതെ മിക്സഡ് ഡബിൾസിൽ രണ്ട് കിരീടങ്ങളും നേടി.
സെറീന വീനസ് ജോഡി ആ കാലഘട്ടത്തിൽ ടെന്നീസിന്റെ അടയാളമായിരുന്നു. സെറീന വില്യംസ് 2022-ലെ യുഎസ് ഓപ്പണിൽ കളിച്ചതിന് ശേഷം 23 സ്ലാം സിംഗിൾസ് ട്രോഫികളുമായാണ് വിരമിച്ചത്.
അമേരിക്കക്കാരായ ക്ലെർവി എൻഗൗനോ, ജൂലിയറ്റ പരേജ, കാറ്റി മക്നാലി, വലേരി ഗ്ലോസ്മാൻ, അലിസ്സ ആൻ, ഫ്രാൻസിന്റെ കരോലിൻ ഗാർസിയ, ഓസ്‌ട്രേലിയയുടെ ടാലിയ ഗിബ്‌സൺ എന്നിവരാണ് യുഎസ് ഓപ്പണിനായി സിംഗിൾസ് വൈൽഡ് കാർഡ് ലഭിച്ചിരിക്കുന്ന മറ്റ് വനിതകൾ.









0 comments