യുഎസ് ഓപ്പൺ ടെന്നീസ് ; ജൊകോ–അൽകാരസ്‌ സെമി

us open tennis
avatar
Sports Desk

Published on Sep 04, 2025, 03:48 AM | 1 min read


ന്യൂയോർക്ക്‌

യുഎസ്‌ ഓപ്പൺ ടെന്നീസിൽ വമ്പൻ പോര്‌. പുരുഷ സിംഗിൾസ്‌ സെമിയിൽ മുൻ ചാമ്പ്യൻമാരായ നൊവാക്‌ ജൊകോവിച്ചും കാർലോസ്‌ അൽകാരസും ഏറ്റുമുട്ടും. വനിതകളിൽ അറീന സബലേങ്ക സെമിയിലേക്ക്‌ മുന്നേറി.


അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിൽ കീഴടക്കിയായിരുന്നു ജൊകോവിച്ചിന്റെ കുതിപ്പ്‌ (6–3, 7–5, 3–6, 6–4). ഫ്രിറ്റ്‌സിനെതിരെ മികച്ച തുടക്കമായിരുന്നു മുപ്പത്തെട്ടുകാരന്‌. നാലാം സീഡായ അമേരിക്കക്കാരൻ മൂന്നാം സെറ്റിൽ തിരിച്ചടിച്ചു. നാലാം സെറ്റിൽ ഇരട്ടപ്പിഴവുകൾ വരുത്തിയ ഫ്രിറ്റ്‌സിന്‌ പിന്നെ തിരിച്ചുവരാനായില്ല. എട്ട്‌ വയസുകാരിയായ മകൾ ടാരയുടെ പിറന്നാൾ ദിനത്തിൽ കളത്തിൽ നൃത്തംചെയ്‌താണ്‌ ജൊകോ ജയം ആഘോഷിച്ചത്‌.


ഗ്രാൻഡ്‌സ്ലാമിൽ 53–ാംസെമിയാണ്‌ സെർബിയക്കാരന്‌. ആധുനിക ടെന്നീസിൽ മറ്റാർക്കുമില്ലാത്ത നേട്ടം. യുഎസ് ഓപ്പണിൽ 95 ജയങ്ങളായി. മുപ്പത്തെട്ടാം വയസിൽ നാല്‌ ഗ്രാൻഡ്‌ സ്ലാം സെമിയിലും കടന്ന്‌ ചരിത്രവും കുറിച്ചു.


ഇരുപതാം സീഡ്‌ ജിറി ലെഹാക്കയെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചായിരുന്നു അൽകാരസിന്റെ മുന്നേറ്റം (6–4, 6–2, 6–4). ഒറ്റ സെറ്റും നഷ്ടമാകാതെയാണ്‌ സ്‌പാനിഷുകാരൻ സെമിയിൽ എത്തിയത്‌. ഹാർഡ്‌ കോർട്ടിൽ ജൊകോയ്‌ക്കെതിരെ ഒരുതവണപോലും അൽകാരസിന്‌ ജയമില്ല.


വനിതകളിൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ മർക്കീറ്റ വുൻഡ്രുസോവ പിന്മാറിയതിനെ തുടർന്ന്‌ സബലേങ്ക നേരിട്ട്‌ സെമിയിൽ കടക്കുകയായിരുന്നു. ചെക്കിന്റെ ബാർബറ ക്രെജികോവയെ കീഴടക്കി ജെസീക പെഗുലയും സെമിയിലെത്തി (6–3, 6–3).



deshabhimani section

Related News

View More
0 comments
Sort by

Home