യുഎസ് ഓപ്പൺ ടെന്നീസ് ; സിന്നെർ ഒസാക സെമിയിൽ

സെമിയിൽ കടന്ന സിന്നെറുടെ ആഹ്ലാദം

Sports Desk
Published on Sep 05, 2025, 03:45 AM | 1 min read
ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിൽ രണ്ടുതവണ ചാമ്പ്യനായ നവോമി ഒസാകയുടെ കുതിപ്പ് തുടരുന്നു. വനിതാ സിംഗിൾസിൽ ജപ്പാൻകാരി സെമിയിലേക്ക് മുന്നേറി. അഞ്ച് വർഷത്തെ ഇടവേളക്കുശേഷമാണ് നേട്ടം. ക്വാർട്ടറിൽ പതിനൊന്നാം സീഡായ ചെക്ക് താരം കരോലിന മുചോവയെ 6–4, 7–6ന് കീഴടക്കി. 23–ാം സീഡുള്ള ഒസാക അമേരിക്കയുടെ എട്ടാം സീഡുകാരി അമാൻഡ അനിസിമോവയെ നേരിടും.
അമാൻഡ ക്വാർട്ടറിൽ പോളണ്ടിന്റെ ഇഗ ഷ്വാടെകിനെ 6–4, 6–3ന് തോൽപ്പിച്ചു. ഇന്ന് നടക്കുന്ന മറ്റൊരു സെമിയിൽ നിലവിലെ ജേത്രി അരീന സബലേങ്ക അമേരിക്കൻ താരം ജെസീക പെഗുലയുമായി ഏറ്റുമുട്ടും.
പുരുഷ വിഭാഗം സെമിയിൽ നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നെർ കാനഡയുടെ ഫെലിക്‌സ് ഓഗറെ നേരിടും. ഇരുപത്തഞ്ചാം ഗ്രാൻഡ്‌സ്ലാം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക് ജൊകോവിച്ചിന് സ്‌പാനിഷ് താരം കാർലോസ് അൽകാരസാണ് എതിരാളി. ഒന്നാം റാങ്കുകാരനായ സിന്നെർ നാട്ടുകാരനായ ലോറെൻസോ മുസെറ്റിയെ 6–1, 6–4, 6–2ന് മറികടന്നു.









0 comments