വർഗീയ മഹാസഖ്യത്തിന്‌ യുഡിഎഫ്‌

print edition ബിജെപിയുടെ ‘കൈ പിടിച്ച്‌’ കോൺഗ്രസ്‌ ; ജമാഅത്തെയ്‌ക്ക്‌ ‘കോണി ചാരി’ ലീഗ്‌

bjpcongress
avatar
പി വി ജീജോ

Published on Nov 17, 2025, 03:10 AM | 1 min read


കോഴിക്കോട്‌

തദ്ദേശ തെരഞ്ഞെടുപ്പിൽ നിലതെറ്റുന്ന യുഡിഎഫ്‌ പിടിച്ചുനിൽക്കാൻ വർഗീയശക്തികളുമായി കൂട്ടുകെട്ടിലേക്ക്‌. ബിജെപിയുമായും ആർഎസ്‌എസുമായും കോൺഗ്രസ്‌ രഹസ്യ ധാരണയുണ്ടാക്കുന്പോൾ മുസ്ലിംലീഗ്‌ ജമാഅത്തെ ഇസ്ലാമിയുമായാണ്‌ ബാന്ധവം. ഹിന്ദു–-മുസ്ലിം വർഗീയ വോട്ടുറപ്പിക്കാനുള്ള തന്ത്രമാണ്‌ യുഡിഎഫ്‌ പയറ്റുന്നത്‌.


ഹൈന്ദവ വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസും ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകാതെ നോക്കാൻ ലീഗും പണിപ്പെടുകയാണ്‌. വിശാല വർഗീയ ഐക്യമുന്നണിക്കുള്ള കളമാണ്‌ കോൺഗ്രസ്‌ ബിജെപിയുടെ കൈപിടിച്ചും ലീഗ്‌ വെൽഫെയർ പാർടിയിൽ കോണി ചാരിയും ഒരുക്കുന്നത്‌.


കോൺഗ്രസിന്റെയും ലീഗിന്റെയും ‘തന്ത്ര’ത്തിനെതിരെ ഇരു പാർടികളിലും പ്രവർത്തകർക്കിടയിൽ എതിർപ്പ്‌ ഉയർന്നിട്ടുണ്ട്‌.

കോർപറേഷനിൽ ‘കൈ പിടിച്ചാൽ’ പഞ്ചായത്തിൽ ‘താമര’

​എല്ലാ കോർപറേഷനുകളിലും ബിജെപി–-ആർഎസ്‌എസ്‌ കൂട്ടുകെട്ടിന്‌ കോൺഗ്രസ്‌ നീക്കം തുടങ്ങി. എഐസിസി അംഗം രമേശ്‌ ചെന്നിത്തല കോഴിക്കോട്‌ ബിജെപിയുമായി നടത്തിയ രഹസ്യചർച്ച ഇതിന്റെ ഭാഗമാണ്‌. സമാന ചർച്ചക്ക്‌ തിരുവനന്തപുരത്ത്‌ നേതൃത്വം കെ മുരളീധരനും വി എസ്‌ ശിവകുമാറുമാണ്‌. കൊച്ചിയിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും കണ്ണൂരിൽ കെ സുധാകരന്റെയും മുൻകൈയിലാണ്‌ ‘നീക്കുപോക്ക്‌’.

തൃശൂരിലും കൊല്ലത്തും സ്ഥാനാർഥി നിർണയത്തെക്കുറിച്ചുയർന്ന പരാതികളും രഹസ്യസഖ്യം വ്യക്തമാക്കുന്നു. വിജയസാധ്യതയില്ലാത്ത ഇടങ്ങളിൽ ദുർബല സ്ഥാനാർഥികളെ നിർത്താനാണ്‌ പൊതുതീരുമാനം. ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്ന ഏക അജൻഡയിലാണ്‌ ബിജെപി–-കോൺഗ്രസ്‌ കൈകോർക്കൽ.


കഴിഞ്ഞ പഞ്ചായത്ത്‌–നിയമസഭ തെരഞ്ഞെടുപ്പിൽ മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം നഷ്ടക്കച്ചവടമായെന്ന ചർച്ച കോൺഗ്രസിലുണ്ടായിരുന്നു. തെക്കൻ കേരളത്തിൽ ജമാഅത്തെ സഖ്യം ദോഷമായെന്ന വിലയിരുത്തലുമുണ്ടായി. ഇത്‌ മറികടക്കാനാണ്‌ കോൺഗ്രസ്‌ ഇക്കുറി ബിജെപിയുമായി രഹസ്യധാരണക്ക്‌ തീരുമാനിച്ചത്‌. കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും കോൺഗ്രസിനെ സഹായിക്കുക, പകരം പഞ്ചായത്തുകളിലും നഗരസഭകളിലും വിട്ടുവീഴ്‌ച ചെയ്യാം എന്നതാണ്‌ ഉറപ്പ്‌.


ബിജെപി–-ആർഎസ്‌എസ്‌ സഹായം കോൺഗ്രസ്‌ ഉറപ്പാക്കുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ സംരക്ഷിക്കലാണ്‌ ലീഗിന്റെ ദൗത്യം. മലപ്പുറം ജില്ലയിൽ മലപ്പുറം, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും കൂട്ടിലങ്ങാടി, പൊന്മുണ്ടം, മങ്കട പഞ്ചായത്തുകളിലും ലീഗ്‌ ജമാഅത്തെയുടെ വെൽഫെയറുമായി ധാരണയായി. കോഴിക്കോട്‌ മുക്കം നഗരസഭയിൽ യുഡിഎഫുമായി ചേർന്നുപോകാമെന്ന വിശ്വാസത്തിലാണ്‌ വെൽഫെയർ. ഫറോക്ക്‌, രാമനാട്ടുകര നഗരസഭകളിലും കൊടിയത്തൂർ, ചങ്ങരോത്ത്‌, കാരശേരി പഞ്ചായത്തുകളിലും ധാരണാചർച്ച സജീവമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home