ജൊകോ കുതിക്കുന്നു


Sports Desk
Published on Aug 31, 2025, 04:01 AM | 1 min read
ന്യൂയോർക്ക്
ഇരുപത്തഞ്ചാം ഗ്രാൻഡ്‌സ്ലാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് നൊവാക് ജൊകോവിച്ച് കുതിക്കുന്നു. യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ സെർബിയക്കാരൻ പ്രീക്വാർട്ടറിലെത്തി. ബ്രിട്ടന്റെ കാമറൂൺ നോറിയെ 6–4, 6–7, 6–2, 6–3ന് കീഴടക്കി. യുഎസ് ഓപ്പണിൽ പ്രീക്വാർട്ടറിലെത്തുന്ന പ്രായംകൂടിയ താരമായി മുപ്പത്തെട്ടുകാരൻ. ക്വാർട്ടർ ലക്ഷ്യമിട്ട് ജർമനിയുടെ യാൻ ലെനാർഡിനെ നേരിടും.
ഹാർഡ്‌കോർട്ടുകളിൽ നടക്കുന്ന ഗ്രാൻഡ്‌സ്ലാമുകളിൽ കൂടുതൽ വിജയമെന്ന റെക്കോഡും ജൊകോയ്‌ക്ക് സ്വന്തമായി. ഓസ്‌ട്രേലിയൻ ഓപ്പണിലും യുഎസ് ഓപ്പണിലുമായി 192 വിജയങ്ങളായി. റോജർ ഫെഡറർ 191 കളി ജയിച്ചതാണ് മറഞ്ഞത്. പ്രീക്വാർട്ടറിൽ കാർലോസ് അൽകാരസ്(സ്‌പെയ്‌ൻ) ആർതർ റിൻഡർനെകുമായും(ഫ്രാൻസ്) അഡ്രിയാൻ മനാറിനോ(ഫ്രാൻസ്) ജിറി ലെഹകെയുമായും(ചെക്ക്) ഏറ്റുമുട്ടും.
വനിതകളിൽ അരീന സബലേങ്ക കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ 6–3, 7–6ന് കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി. അമേരിക്കൻ താരങ്ങളായ ജെസീക പെഗുല, ആൻ ലി, കസാഖ്‌താരം എലെന റിബാകിന, ചെക്ക് റിപ്പബ്ലിക്കിന്റെ മാർകെറ്റ വാൻഡ്രോസോവ എന്നിവരും അവസാന പതിനാറിൽ ഇടംപിടിച്ചു.









0 comments