യുഎസ് ഓപ്പൺ ടെന്നീസ് ; നവോമി ഒസാക ക്വാർട്ടറിൽ , കൊകൊ ഗഫിനെ തോൽപ്പിച്ചു
ഒസാകക്കഥ

യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് മത്സരശേഷം കൊകൊ ഗഫിനെ ആശ്വസിപ്പിക്കുന്ന നവോമി ഒസാക (ഇടത്ത്)
ന്യൂയോർക്ക്
നവോമി ഒസാക സുവർണകാലത്തെ ഓർമിപ്പിച്ചു. രണ്ട് തവണ കിരീടം നേടിയ വേദിയിൽ വീണ്ടുമൊരു ഒസാകക്കഥ. ജപ്പാൻകാരി യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 2023ലെ ചാമ്പ്യൻ അമേരിക്കയുടെ കൊകൊ ഗഫിനെ 6–3, 6–2ന് കീഴടക്കിയാണ് തിരിച്ചുവരവ്. അഞ്ച് വർഷത്തൈ ഇടവേളക്കുശേഷമാണ് അവസാന എട്ടിൽ ഇടംപിടിക്കുന്നത്. ചെക്ക് താരം കരോലിന മുചോവയാണ് അടുത്ത എതിരാളി.
പ്രീക്വാർട്ടറിൽ മൂന്നാം സീഡായ ഗഫിനെതിരെ മിന്നുന്ന പ്രകടനമാണ് ഇരുപത്തേഴുകാരി പുറത്തെടുത്തത്. ആറ് വർഷത്തിനുശേഷമായിരുന്നു ഇരുവരുടേയും മുഖാമുഖം. 2019ൽ പതിനഞ്ച് വയസ്സുള്ള ഗഫിനെ അന്നത്തെ ഒന്നാം റാങ്കുകാരിയായ ഒസാക പൊരുതാൻ പോലും സമ്മതിക്കാതെ കീഴടക്കിയിരുന്നു. അതേ ആവേശത്തിൽ 2025ലും ഒസാക ഷോട്ടുകളുമായി കളംനിറഞ്ഞു. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതലവണ ഇടവേളയെടുത്തപ്പോഴും അമ്മയാകാൻ 17 മാസം വിട്ടുനിന്നപ്പോഴും ഇതുപോലൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല. ഗഫിനാകട്ടെ സർവും പ്രിയപ്പെട്ട ഫോർഹാൻഡ് ഷോട്ടുകളും പിഴച്ചു.
ക്വാർട്ടറിൽ നിലവിലെ ജേത്രി അരീന സബലേങ്ക ചെക്ക് താരം മാർകെറ്റ വൺഡ്രൗസോവയെ നേരിടും. പോളണ്ടിന്റെ ഇഗ ഷ്വാടെകിന് അമേരിക്കയുടെ അമാൻഡ അനിസിമോവയാണ് എതിരാളി.
പുരുഷ സിംഗിൾസിൽ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നെർ നാട്ടുകാരനായ ലോറെൻസോ മുസെറ്റിയെ നേരിടും. സിന്നെർ കസാഖ്‌താരം അലക്‌സാണ്ടർ ബബ്ലികിനെ 6–1, 6–1, 6–1ന് കീഴടക്കി. സ്‌പാനിഷ്‌താരം കാർലോസ് അൽകാരസ് ചെക് താരം ജിറി ലെഹകയുമായി ഏറ്റുമുട്ടും. ഇരുപത്തഞ്ചാം ഗ്രാൻഡ്‌സ്ലാം ലക്ഷ്യമിടുന്ന സെർബിയക്കാരൻ നൊവാക് ജൊകോവിച്ച് കഴിഞ്ഞതവണത്തെ റണ്ണറപ്പായ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിടും. ഫെലിക്‌സ് ഓഗറും(കാനഡ) അലക്‌സ് ഡി മിനൗറും (ഓസ്‌ട്രേലിയ) തമ്മിലാണ് മറ്റൊരു ക്വാർട്ടർ.









0 comments