print edition തമ്മിലടിച്ച് യുഡിഎഫ് ; ആത്മവിശ്വാസത്തോടെ എൽഡിഎഫ്

തിരുവനന്തപുരം
രാജ്യത്ത് ഏറ്റവും ശക്തമായ തദ്ദേശഭരണ സംവിധാനമുള്ള കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, പതിവുപോലെ എൽഡിഎഫ് ആത്മവിശ്വാസത്തോടെ മുന്നോട്ട്. യുഡിഎഫിലാകട്ടെ, പാർടികൾ തമ്മിലും പാർടികൾക്കുള്ളിലും തർക്കവും അടിയും രാജിയുമാണ്. എൽഡിഎഫ് ബൂത്ത്, വാർഡ് കമ്മിറ്റികൾ മുതലുള്ള സംഘടനാ സംവിധാനം നേരത്തെ പ്രവർത്തനം തുടങ്ങിയതിനാൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഘടകകക്ഷികളിലും അസ്വാരസ്യമില്ല.
അതേ സമയം യുഡിഎഫിൽ തർക്കം രൂക്ഷമാണ്.തിരുവനന്തപുരം കോർപറേഷൻപോലെ ചിലയിടങ്ങളിൽ ഏതാനും സ്ഥാനാർഥികളെ കോൺഗ്രസ് മുൻകൂട്ടി പ്രഖ്യാപിച്ചെങ്കിലും അബദ്ധമായി. പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്താകെ നിരവധിപേർ രാജിവച്ചുഘടകകക്ഷികളെ പലയിടത്തും കോൺഗ്രസ് അവഗണിച്ചു. എൻഡിഎയിലും കടുത്ത പ്രതിസന്ധിയുണ്ട്. മലപ്പുറം കോട്ടക്കൽ നഗരസഭയിൽ കോൺഗ്രസ് വാർഡിൽ ലീഗ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും മുസ്ലിംലീഗ് സ്ഥാനാർഥിയെ നിർത്തി തർക്കം മുറുകിയതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ട് ലീഗിന് വിധേയപ്പെടാൻ നിർദേശിക്കുകയായിരുന്നു.
കോഴിക്കോട്ട് കോർപറേഷൻ കൗൺസിലറും വനിതാ ലീഗ് മണ്ഡലം പ്രസിഡന്റുമായ റംലത്ത്, ചെലവൂരിലെ മേഖല പ്രസിഡന്റ് മുസ്‌ത-ഫ, വനിത ലീഗ് സെക്രട്ടറി സാജിദ എന്നിവർ രാജിവെച്ചു.
കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി കെ വിജയൻ ശനിയാഴ്‌ച രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേർന്നു. വയനാട്ടിൽ പ്രാദേശിക നേതാക്കളും തൊഴിലാളികളും ജനപ്രതിനിധികളുമുൾപ്പെടെ 16 പേർ കോൺഗ്രസ് വിട്ടു. പൂതാടി പഞ്ചായത്ത് അംഗങ്ങളായ നെല്ലിക്കയം തങ്കച്ചനും എം വി രാജനുമാണ് രാജിവച്ച ജനപ്രതിനിധികൾ.
കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരായ ബാസ്‌റ്റിൻ ബാബു, ശാന്ത വിജയൻ, സുനിത ഡിക്‌സൺ, മാലിനികുറുപ്പ് എന്നിവർ രാജിവച്ചു. ശാന്തയും സുനിതയും ബിജെപി സ്ഥാനാർഥികളായി മത്സരിക്കും. ബാസ്‌റ്റിനും മാലിനിയും വിമത സ്ഥാനാർഥികളാകും. പറവൂർ നഗരസഭാ കൗൺസിലർ കോൺഗ്രസിലെ സോമൻ മാധവൻ രാജിവച്ച് ബിജെപിയിൽ ചേർന്ന് മത്സരിക്കുന്നു.
കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അൻവർ കരീം ഞാക്കട, കളമശേരി 27–ാം വാർഡ് യൂത്ത് പ്രസിഡന്റ് വിനോദ് നെൽസൻ, കൂത്താട്ടുകുളത്തെ കോൺഗ്രസ് നേതാവ് ദീപ ഷാജി എന്നിവരും രാജിവച്ചു. ഇവർ എൽഡിഎഫ് സ്ഥാനാർഥികളാകും. കോൺഗ്രസ് ഭരിക്കുന്ന മുളവുകാട് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് റോസ്‌മേരി മാർട്ടിൻ രാജിവച്ചു. ഇവർ എൽഡിഎഫ് സ്വതന്ത്രയാകും.
ധാരണയിലെത്താനാകാത്തതിനാൽ ആലപ്പുഴ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല. കെഎസ്‌യു– യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പോലും പരിഗണന നൽകാതെ ഗ്രൂപ്പ് നോമികളെ പരിഗണിക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ സഹകരിക്കാതെ പരസ്യമായി രംഗത്തിറങ്ങാനാണ് ഒരു വിഭാഗം തയ്യാറെടുക്കുന്നത്.









0 comments