ഫെെനലിൽ അൽകാരസിനെ തോൽപ്പിച്ചു (4–6, 6–4, 6–4, 6–4) , അൽകാരസിന്റെ ഹാട്രിക് മോഹം പൊലിഞ്ഞു
സിന്നെർഡൺ ; യാനിക് സിന്നെർക്ക് ആദ്യ വിംബിൾഡൺ


Sports Desk
Published on Jul 14, 2025, 03:45 AM | 1 min read
ലണ്ടൻ
വിംബിൾഡണിൽ ഹാട്രിക് കിരീടമെന്ന കാർലോസ് അൽകാരസിന്റെ മോഹം പൊലിഞ്ഞു. ഇറ്റലിക്കാരൻ യാനിക് സിന്നെർ ജേതാവായി. ഫൈനലിൽ ഒന്നാം റാങ്കുകാരൻ 4–6, 6–4, 6–4, 6–4ന് ജയിച്ചു. ഇരുപത്തിമൂന്നുകാരന്റെ ആദ്യ വിംബിൾഡൺ നേട്ടമാണ്. നാലാമത്തെ ഗ്രാൻഡ്‌സ്ലാം കിരീടവും. ഈ സീസണിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിലെ തോൽവിക്ക് സിന്നെർ പകരംവീട്ടി. കഴിഞ്ഞമാസം 5.29 മണിക്കൂർ നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിൽ സ്‌പാനിഷ്‌താരമായ അൽകാരസ് ജയിച്ചിരുന്നു.
കലാശപ്പോരിൽ ക്ഷീണിതനായി കാണപ്പെട്ട അൽകാരസിനുമേൽ ആധിപത്യം ഉറപ്പിക്കാനാൻ സാധിച്ചതാണ് സിന്നെറുടെ വിജയം. മത്സരം മൂന്ന് മണിക്കുറും നാല് മിനിറ്റും നീണ്ടു. ഇതിനുമുമ്പ് 2022 വിംബിൾഡണിൽ പ്രീക്വാർട്ടറിലും സിന്നെർക്കായിരുന്നു വിജയം. ഇത്തവണ അൽകാരസിന് മികച്ച തുടക്കമാണ് കിട്ടിയത്. ഒന്നാം സെറ്റിൽ 2–4ന് പിന്നിട്ടുനിന്നശേഷം സെറ്റ് സ്വന്തമാക്കി. പിന്നീട് കളംനിറഞ്ഞുകളിക്കുന്ന സിന്നെറെയാണ് കണ്ടത്. കരുത്തുറ്റ സർവുകളും സുന്ദര റിട്ടേണുകളുമായി അൽകാരസിന്റെ ആത്മവിശ്വാസം ചോർത്തി. ആക്രമണ ടെന്നീസ് പുറത്തെടുത്ത സിന്നെറുടെ ബാക്ക്‌ഹാന്റ് വോളികൾക്ക് മറുപടിയുണ്ടായില്ല.
അതിനിടെ അൽകാരസിന്റെ ഇരട്ടപ്പിഴവുകളും തുണയായി. രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി സിന്നെർ മുൻതൂക്കം നേടി. നാലാം സെറ്റിന്റെ തുടക്കത്തിൽ അൽകാരസിന്റെ സർവ് ഭേദിച്ച് വിജയത്തോടടുത്തു. ഈ സെറ്റിൽ 11 വിന്നർ പായിച്ച ജേതാവ് എയ്‌സ് തൊടുത്താണ് വിജയം പിടിച്ചത്. ഇരുവരും തമ്മിലുള്ള മുഖാമുഖത്തിൽ സിന്നെറുടെ അഞ്ചാമത്തെ വിജയമാണ്. എട്ട് കളി അൽകാരസ് ജയിച്ചു.









0 comments