ഇനി ഇഗക്കാലം


Sports Desk
Published on Jul 14, 2025, 12:00 AM | 2 min read
ലണ്ടൻ
ഇനിയെങ്കിലും വെറുതെ വിട്ടൂടേയെന്ന് മാധ്യമങ്ങളോട് ഇഗ ഷ്വാടെക്കിന്റെ ചോദ്യം. പോളിഷ് മാധ്യമങ്ങളുടെ കരുണയില്ലാത്ത വിമർശത്തിനെതിരെയായിരുന്നു വിംബിൾഡൺ വനിതാ ചാമ്പ്യന്റെ പ്രതികരണം. ഫൈനലിൽ അമേരിക്കയുടെ അമാൻഡ അനിസിമോവയെ 6–-0, 6–-0ന് തകർത്ത് കിരീടം നേടിയശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ പൊള്ളുന്ന ഷോട്ടുകളായിരുന്നു. ‘ഇനിയെങ്കിലും എന്റെ ജീവിതം എനിക്കിഷ്‌ടമുള്ളപോലെ ജീവിക്കാൻ അനുവദിക്കൂ’ എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്.
ഫൈനൽ തീർത്തും ഏകപക്ഷീയമായിരുന്നു. കളി 57 മിനിറ്റിൽ തീർന്നു. ആധുനിക ടെന്നീസിൽ ദൈർഘ്യം കുറഞ്ഞ ഫൈനലുകളിൽ ഏഴാമത്തേതാണ്. 1975ൽ അമേരിക്കയുടെ ടെന്നീസ് ഇതിഹാസം ബില്ലിജീൻ കിങ് ഓസ്‌ട്രേലിയയുടെ ഗുലാഗോങ്ങിനെ 38 മിനിറ്റിൽ അവസാനിപ്പിച്ചതാണ് റെക്കോഡ്. 1922ൽ ഫ്രഞ്ച് താരം സൂസന്നെ ലെൻഗ്ലെൻ അമേരിക്കയുടെ മൊല്ല മല്ലോറിയെ 23 മിനിറ്റിൽ തോൽപ്പിച്ച് കിരീടം നേടിയ ചരിത്രമുണ്ട്.
114 വർഷത്തിനുശേഷം ആദ്യമായാണ് ഫൈനലിൽ ഒറ്റ ഗെയിമും വിട്ടുകൊടുക്കാതെയുള്ള വിജയം. 1911ൽ ബ്രിട്ടന്റെ ഡൊറോത്തിയ ലാംബർട്ട് ചേംബേഴ്‌സ് 6–-0, 6–-0ന് വിംബിൾഡൺ നേടിയിട്ടുണ്ട്. ഇഗയുടെ ആറാം ഗ്രാൻഡ്‌സ്ലാം കിരീടമാണ്. കളിമണ്ണിൽ മാത്രമല്ല പുൽക്കോർട്ടിലും മികവ് തെളിയിച്ചാണ് ഇരുപത്തിനാലുകാരി ആദ്യമായി വിംബിൾഡൺ സ്വന്തമാക്കിയത്. ഏഴ് കളിയിൽ ഒറ്റ സെറ്റ് മാത്രമാണ് വിട്ടുകൊടുത്തത്. 2020, 2022, 2023, 2024 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പണും 2022ൽ യുഎസ് ഓപ്പണുമാണ് ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ. ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും സെമിയിൽ തോറ്റു. ഇനി യുഎസ് ഓപ്പൺ ബാക്കിയുണ്ട്.
വിംബിൾഡണിൽ തുടർച്ചയായി എട്ടാം വർഷമാണ് പുതിയ ചാമ്പ്യൻ പിറക്കുന്നത്. സെറീന വില്യംസിനുശേഷം ആർക്കും കിരീടനേട്ടം ആവർത്തിക്കാനായില്ല. 2013 മുതൽ എല്ലാവർഷവും പുതിയ ചാമ്പ്യനാണ്.
വനിതാ ടെന്നീസിൽ ഇഗയുടെ വഴികൾ ശോഭനമാണ്. 2001ൽ പോളണ്ടിലെ വാഴ്‌സയിലാണ് ജനനം. ഒളിമ്പിക്‌സ് തുഴച്ചിൽ താരമായ തോമസ് ഷ്വാടെകിന്റെ മകൾക്ക് സ്‌പോർട്‌സ് കുട്ടിക്കാലത്തെ ശീലമായിരുന്നു. പത്തൊമ്പതാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ നേടിയാണ് വരവറിയിച്ചത്.
പ്രായത്തിൽ കവിഞ്ഞ പക്വതയും കളത്തിലെ മനസ്സാന്നിധ്യവും വ്യത്യസ്‌തയാക്കുന്നു. ബേസ്‌ലൈനിൽ നിലയുറപ്പിച്ച് കരുത്തുറ്റ ഗ്രൗണ്ട് സ്‌ട്രോക്കുകൾ പായിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്നത് ഇഗക്കാലമാണ്. പ്രധാന എതിരാളികളായ അരീന സബലേങ്കയെയും കൊകൊ ഗഫിനേയുമൊക്കെ മറികടക്കാനുള്ള പ്രതിഭ റാക്കറ്റിലുണ്ട്.









0 comments