ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ; ഇഗ x സബലേങ്ക സെമി

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് സെമിയിൽ കടന്ന അരീന സബലെങ്കയുടെ ആഹ്ലാദം
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് സെമിയിൽ നാളെ നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാടെക് ഒന്നാം റാങ്കുകാരിയായ അരീന സബലെങ്കയെ നേരിടും. ബെലാറസുകാരി സബലെങ്ക ചൈനയുടെ ക്വിൻവെൻ സെങിനെ 7-–-6, 6–--3ന് കീഴടക്കി. ഇരുപത്തേഴുകാരിയുടെ രണ്ടാം സെമിയാണ്. റൊളാങ്ഗാരോയിലെ കളിമൺ കളത്തിൽ ഇരുവരെ കിരീടം സാധ്യമായിട്ടില്ല.
തുടർച്ചയായി മൂന്നാം കിരീടം ലക്ഷ്യമിടുന്ന പോളണ്ടിന്റെ ഇഗ ഉക്രെയ്ൻതാരം എലിന സ്വിറ്റോലിനയെ 6-–-1, 7–-5ന് തോൽപ്പിച്ചു. ഇരുപത്തിനാലുകാരി ഇവിടെ നാലുതവണ ജേത്രിയാണ്. ഇന്ന് മൂന്നാം ക്വാർട്ടറിൽ അമേരിക്കൻ താരങ്ങളായ കൊകൊ ഗഫും മാഡിസൺ കീസും ഏറ്റുമുട്ടും. ഫ്രഞ്ചുകാരി ലോയിസ് ബോയിസണിന് റഷ്യക്കാരി മിറ ആൻഡ്രീവയാണ് അവസാന ക്വാർട്ടറിലെ എതിരാളി.
പുരുഷ സിംഗിൾസിൽ ഇന്ന് ക്വാർട്ടറിൽ സെർബിയ താരം നൊവാക് ജൊകോവിച്ച് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും. ജൊകോ പ്രീ ക്വാർട്ടറിൽ ബ്രിട്ടന്റെ കാമറൂൺ നൂറിയെ 6–--2, 6-–-3, 6-–-2ന് തകർത്തു. മുപ്പത്തെട്ടുകാരന്റെ നൂറാം ഫ്രഞ്ച് ഓപ്പൺ മത്സര വിജയമാണ്. റാഫേൽ നദാൽ മാത്രമാണ് നൂറ് തികച്ചിട്ടുള്ളത്. ഒന്നാം റാങ്കുകാരനായ ഇറ്റലിയുടെ യാനിക് സിന്നെർ കസാഖ്സ്ഥാന്റെ അലക്സാണ്ടർ ബബ്ലികിനെ നേരിടും. പ്രീക്വാർട്ടറിൽ റഷ്യക്കാരനായ ആന്ദ്രേ റുബ് ലേവിനെ 6–--1, 6–--3, 6-–-4ന് പരാജയപ്പെടുത്തി. ഇരുപത്തിമൂന്നുകാരനായ സിന്നെർ ഫ്രഞ്ച് ഓപ്പണിൽ സെമിക്കപ്പുറം പോയിട്ടില്ല.









0 comments