ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ; റൂഡ് പുറത്ത്


Sports Desk
Published on May 29, 2025, 04:44 AM | 1 min read
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഏഴാം സീഡ് കാസ്‌പർ റൂഡ് പുറത്ത്. രണ്ടുതവണ റണ്ണറപ്പായ റൂഡിനെ രണ്ടാംറൗണ്ടിൽ പോർച്ചുഗലിന്റെ സീഡില്ലാ താരം ന്യൂനോ ബോർജസ് നാല് സെറ്റ് നീണ്ട പോരിൽ മടക്കി (2–-6, 6–-4, 6–-1, 6–-0). കളിമൺകളത്തിലെ മികച്ച താരങ്ങളിലൊരാളായ റൂഡിന്റെ പുറത്താകൽ അപ്രതീക്ഷിതമായി. 2022ലും 2023ലും റണ്ണറപ്പായിരുന്നു.
രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ കാർലോസ് അൽകാരസ് മൂന്നാംറൗണ്ടിലേക്ക് മുന്നേറി. ഹംഗറിയുടെ ഫാബിയാൻ മറോസാനെ നാല് സെറ്റ് പോരാട്ടത്തിൽ കീഴടക്കി (6–-1, 4–-6, 6–-1, 6–-2). എട്ടാം സീഡ് ഇറ്റലിയുടെ ലോറെൻസോ മുസേട്ടിയും മൂന്നാംറൗണ്ടിൽ കടന്നു.
വനിതകളിൽ ജാസ്‌മിൻ പൗളിനിക്ക് എളുപ്പമായിരുന്നു. രണ്ടാംറൗണ്ടിൽ ഓസ്‌ട്രേലിയയുടെ ആയ്‌ല തോംല്യാനോവിച്ചിനെയാണ് തോൽപ്പിച്ചത് (6–-3, 6–-3). എട്ടാം സീഡ് ചൈനയുടെ ക്വിൻവെൻ ഷെങ്, ഉക്രയ്‌ന്റെ എലേന സ്വിറ്റോളിന എന്നിവരും മുന്നേറി.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ റിത്വിക് ബൊല്ലിപ്പള്ളി, കൊളംബിയയുടെ നിക്കോളാസ് ബാരിയന്റോസ് സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി.









0 comments