ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സെമി ; ജൊകോ X സിന്നെർ

നൊവാക് ജൊകോവിച്ച് യാനിക് സിന്നെർ
പാരിസ്
റൊളാങ്ഗാരോയിലെ കളിമൺ കോർട്ടിൽ ഇന്ന് രാത്രി നൊവാക് ജൊകോവിച്ചും യാനിക് സിന്നെറും മുഖാമുഖം. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസ് സെമിയിൽ രാത്രി പത്തരക്കാണ് ആവേശപ്പോര്. ലോക ഒന്നാംറാങ്കുകാരനായ സിന്നെർക്ക് തുടർച്ചയായി രണ്ടാം സെമിയാണ്. ഇറ്റലിക്കാരൻ ഇതുവരെ ഈ വേദിയിൽ ഫൈനൽ കളിച്ചിട്ടില്ല. ഇരുപത്തിമൂന്നുകാരൻ ക്വാർട്ടറിൽ കസാഖ്സ്ഥാന്റെ അലക്സാണ്ടർ ബബ്ലിക്കിനെ 6–--1, 7–--5, 6–--0ന് കീഴടക്കി.
ജൊകോ ക്വാർട്ടറിൽ തോൽപ്പിച്ചത് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ്. സെർബിയൻ താരമായ മുപ്പത്തെട്ടുകാരൻ മൂന്നുമണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിൽ 4–--6, 6–--3, 6-–-2, 6-–-4ന് ജയിച്ചു കയറി. റൊളാങ്‌ഗാരോസിൽ മൂന്നുതവണ ചാമ്പ്യനായ ജൊകോവിച്ച് ക്വാർട്ടറിൽ സ്വരേവിനെതിരെ ആദ്യ സെറ്റിൽ വിയർത്തു.
എന്നാൽ, അടുത്ത രണ്ട് സെറ്റും പിടിച്ചെടുത്തു. നിർണായകമായ നാലാം സെറ്റിൽ 41 ഷോട്ട് നീണ്ട റാലിക്കൊടുവിൽ സ്വരേവിന്റെ സെർവ് ഭേദിച്ച മുപ്പത്തെട്ടുകാരൻ 51–-ാം ഗ്രാൻഡ് സ്ലാം സെമിയിലേക്ക് ചുവടുവച്ചു. ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്ന പ്രായംകൂടിയ രണ്ടാമത്തെ കളിക്കാരനാണ്. 1968ൽ അമേരിക്കൻ താരമായ റിച്ചാർഡ് ഗൊൺസാലസ് നാൽപ്പതാം വയസ്സിൽ സെമി കളിച്ചിട്ടുണ്ട്. ജൊകോ പതിമൂന്നാം തവണയാണ് അവസാന നാലിൽ ഇടംപിടിക്കുന്നത്. നാലാം ഫ്രഞ്ച് ഓപ്പൺ നേടുകയാണ് ലക്ഷ്യം. അതുവഴി ഇരുപത്തഞ്ചാം ഗ്രാൻഡ്സ്ലാം കിരീടത്തിനായി കാത്തിരിക്കുന്നു.
ഒന്നാം സെമിയിൽ വൈകിട്ട് ആറിന് നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസ് ഇറ്റലിയുടെ ലോറെൻസോ മുസെറ്റിയെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.









0 comments