കളിമൺ കോർട്ടിൽ രാജാവായി അൽകാരസ്

x.com/rolandgarros/status
പാരിസ്: പുരുഷ ടെന്നീസിലെ പുതുതലമുറപ്പോരിൽ സ്‌പാനിഷുകാരൻ കാർലോസ് അൽകാരസ് വിജയി. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ഒന്നാം റാങ്കുകാരൻ യാന്നിക് സിന്നെറിനെതിരെ പിന്നിട്ടുനിന്ന ശേഷമായിരുന്നു അൽകാരസിന്റെ അത്ഭുത പ്രകടനം (4–6, 6–7, 6–4,7–6, 7–6). ആദ്യ രണ്ട് സെറ്റ് സ്വന്തമാക്കിയ സിന്നെർ നാലാം സെറ്റിൽ ഒരു ഘട്ടത്തിൽ 5–3ന് മുന്നിലായിരുന്നു. 40–0ന് ചാമ്പ്യൻഷിപ്പിന് അരികെയുമെത്തി. എന്നാൽ ആ ഒറ്റപ്പോയിന്റ് നേടാൻ ഇറ്റലിക്കാരന് കഴിഞ്ഞില്ല. വീര്യത്തോടെ റാക്കറ്റ് വീശിയ അൽകാരസ് സെറ്റ് ടൈബ്രേക്കിലേക്ക് കൊണ്ടുപോയി. ടൈബ്രേക്കിലും സ്‌പാനിഷുകാരൻ മിന്നി. അഞ്ചാം സെറ്റും പിടിച്ച് കിരീടവും സ്വന്തമാക്കി. കളി അഞ്ച് മണിക്കൂർ 29 മിനിറ്റ് നീണ്ടു. ഏറ്റവും ദെെർഘ്യം കൂടിയ ഫ്രഞ്ച് ഓപ്പൺ ഫെെനൽ.
കളിമൺക്കളത്തിൽ കിരീടം നിലനിർത്തിയ അൽകാരസ് റൊളാങ്‌ഗാരോസിലെ ഇതിഹാസം റാഫേൽ നദാലിന്റെ ഒത്ത പിൻഗാമിയായി. അടങ്ങാത്ത പോരാട്ടവീര്യമായിരുന്നു ഇരുപത്തിരണ്ടുകാരന്റെ കൈമുതൽ. ആകെ അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായി. ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഒന്നാം റാങ്കുകാരൻ നിർണായകഘട്ടത്തിൽ അൽകാരസിനെ മറികടന്നു. രണ്ടാം സെറ്റ് സിന്നെർ അനായാസം നേടിയെന്ന് കരുതവേ തിരിച്ചടിച്ച് സ്പാനിഷ് താരം കളി ജീവനുള്ളതാക്കി. ഒരുവേള 3-0നും 5-3നും ലീഡ് നേടിയ സിന്നെർക്ക് ടൈബ്രേക്കർ വഴങ്ങേണ്ടി വന്നു. എന്നാൽ ടൈബ്രേക്കിൽ 7-4 ജയത്തോടെ കളിയുടെ നിയന്ത്രണം റാക്കറ്റിലാക്കി.
മൂന്നാം സെറ്റിൽ പൊരുതിക്കയറുന്ന സ്പാനിഷ് വീര്യം കണ്ടു. കാണികൾ അവരുടെ പ്രിയപ്പെട്ട നദാലിനെ ഓർത്തു കാണും. ഈ വേദിയിൽ 14 തവണ വിജയഭേരി മുഴക്കിയ നദാലിന്റെ പിൻഗാമിയെന്ന് നിസ്സംശയം പറയാവുന്ന രീതിയിൽ കളം ഭരിച്ച അൽകാരസ് 4-–-1 ലീഡിലേക്ക് കുതിച്ചു. ഒടുവിൽ 6-–-4ന് സെറ്റ് നേടി എളുപ്പം കീഴടങ്ങാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു. നാലാം സെറ്റിൽ സിന്നെർ അനായാസം മുന്നേറുന്നതാണ് കണ്ടത്. എന്നാൽ തോൽവിയുടെ വക്കിൽനിന്ന് അൽകാരസിന്റെ അതിമനോഹരമായ തിരിച്ചുവരവ് കളി ആവേശമാക്കി. നിർണായകമായ അഞ്ചാം സെറ്റിന്റെ തുടക്കത്തിൽതന്നെ അൽകാരസ് സിന്നറുടെ സെർവ് ഭേദിച്ചു. സിന്നെറും വിട്ടുകൊടുത്തില്ല. ഇഞ്ചിനിഞ്ച് പോരിൽ അൽകാരസ് ടെെബ്രേക്കിൽ ജയം സ്വന്തമാക്കി. പത്ത് പോയിന്റ് ടെെബ്രേക്കിൽ 10–2നായിരുന്നു രണ്ടാം റാങ്കുകാരന്റെ ജയം.









0 comments