ജോക്കോവിച്ച് ജനീവ ഓപ്പൺ ഫൈനലിൽ; ലക്ഷ്യം നൂറാം കിരീടം

PHOTO: Facebook/Miami Open
ജനീവ: കരിയറിലെ നൂറാം കിരീടം ലക്ഷ്യമിട്ട് നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലിൽ ഇറങ്ങുന്നു. ജനീവ ഓപ്പൺ സെമി ഫൈനലിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ വീഴ്ത്തിയാണ് താരം ഫൈനലിലെത്തിയത്. സ്‌കോർ: 6-4, 6-7(6), 6-1. നാളെ നടക്കുന്ന ഫൈനലിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാസാണ് എതിരാളി. മുമ്പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ജോക്കോവിച്ചിനൊപ്പമായിരുന്നു.
മാർച്ചിൽ നൂറാം കിരീടം ലക്ഷ്യമിട്ട് മയാമി ഓപ്പണിന്റെ ഫൈനലിനിറങ്ങിയ ജോക്കോവിച്ച് പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. ഫൈനലിൽ 19കാരനായ ചെക്ക് താരം യാക്കൂബ് മെൻഷിക്കിനോടാണ് താരം തോൽവി വഴങ്ങിയത്. ഇത്തവണ ജനീവ ഓപ്പൺ കിരീടം ചൂടി 100 എടിപി കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ താരമാകാനാണ് നൊവാക് ജോക്കോവിച്ചിന്റെ ലക്ഷ്യം.
ജിമ്മി കോണേഴ്‌സ് (109), റോജർ ഫെഡറർ (103) എന്നിവർ മാത്രമാണ് ഇപ്പോൾ സിംഗിൾസ് കിരീടങ്ങളുടെ എണ്ണത്തിൽ ജോക്കോയ്‌ക്ക് മുന്നിലുള്ളത്. അതേസമയം പാരിസ് ഒളിമ്പിക്‌സിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷം ജോക്കോവിച്ചിന് മറ്റ് കിരീടങ്ങളിലൊന്നും മുത്തമിടാൻ സാധിച്ചിട്ടില്ല. 24 തവണ ഗ്രാൻഡ്‌സ്ലാം ജേതാവായ ജോക്കോ 2023ൽ എടിപി ഫൈനൽസ് വിജയിച്ചതാണ് അവസാനത്തെ മറ്റൊരു സുപ്രധാന നേട്ടം.









0 comments