വനിതകളിൽ പുതിയ ചാമ്പ്യൻ ; ഫ്രഞ്ച് ഓപ്പൺ ഫൈനൽ ഇന്ന് സബലേങ്ക x കൊകൊ ഗഫ്

കൊകൊ ഗഫ് / അരീന സബലേങ്ക

Sports Desk
Published on Jun 07, 2025, 12:00 AM | 1 min read
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ആദ്യ കിരീടത്തിനായി അരീന സബലേങ്കയും കൊകൊ ഗഫും ഇന്ന് മുഖാമുഖം. റൊളാങ്ഗാരോയിൽ വൈകിട്ട് ആറിനാണ് ഫൈനൽ. ബെലാറസുകാരിയായ സബലേങ്ക ആദ്യമായാണ് ഫൈനലിലെത്തുന്നത്.
അമേരിക്കൻ താരം ഗഫ് 2022ൽ ഫൈനലിൽ തോറ്റു. ഒന്നാംറാങ്കുള്ള സബലേങ്ക സെമിയിൽ നിലവിലെ ചാമ്പ്യൻ പോളണ്ടിന്റെ ഇഗ ഷ്വാടെക്കിനെയാണ് കീഴടക്കിയത്. തുടർച്ചയായി നാലാം കിരീടത്തിനെത്തിയ ഇഗയെ മൂന്ന് സെറ്റിലാണ് പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ 26 വിജയങ്ങളുമായി എത്തിയ ഇരുപത്തിനാലുകാരി സബലേങ്കയുടെ കരുത്തിനുമുന്നിൽ വീണു. സബലേങ്കയ്‌ക്ക് മൂന്ന് ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുണ്ട്. ഇരുപത്തേഴുകാരി 2023ലും 2024ലും ഓസ്‌ട്രേലിയൻ ഓപ്പണും 2024ൽ യുഎസ് ഓപ്പണും നേടി.
വനിതാ ടെന്നീസിൽ വിസ്‌മയമായി അവതരിച്ച കൊകൊ ഗഫിന് പിന്നീട് പ്രതീക്ഷിച്ച തിളക്കമുണ്ടായില്ല. 22 വയസ്സുള്ള താരം 2023ൽ യുഎസ് ഓപ്പൺ നേടി ടെന്നീസ് ലോകത്തെ അമ്പരപ്പിച്ചതാണ്. 2022 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇഗയോട് തോറ്റു. ഇത്തവണ സെമിയിൽ ഫ്രാൻസിന്റെ ലോയ്‌സ് ബോയ്‌സണെ അനായാസം കീഴടക്കി.









0 comments