ഓസ്‌ട്രേലിയൻ ഓപ്പൺ; വനിതാ ഫൈനലിസ്റ്റുകളെ ഇന്നറിയാം

മത്സരത്തിനിടെ പൗള ബഡോസ. PHOTO: Facebook/Australian Open
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതാ സിംഗിൾസ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. നിലവിലെ ചമ്പ്യൻ ബെലാറസിന്റെ അരീന സബലെങ്ക സ്‌പാനിഷ് താരം പൗള ബഡോസയെ നേരിടും. പോളണ്ടുകാരി ഇഗ ഷ്വാടെകും യുഎസ് താരം മാഡിസൺ കീസും തമ്മിലാണ് മറ്റൊരു സെമി. രണ്ട് മണിക്ക് സബലെങ്ക-ബഡോസ പോരാട്ടം. മാഡിസണും ഇഗയും തമ്മിലുള്ള മത്സരം മൂന്ന് മണിക്കാണ്.
നിലവിലെ ചാമ്പ്യയായ അരീന സബലെങ്ക ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് സെമിക്ക് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും ഒസ്‌ട്രേലിയയിൽ കിരീടമുയർത്തിയ സബലങ്കയുടെ പേരിൽ മൂന്ന് ഗ്രാൻഡ് സ്ലാമുകളാണുള്ളത്. 2024 യുസ് ഓപ്പണിലും താരം വിജയിച്ചിരുന്നു. ടൂർണമെന്റിൽ തുടർച്ചയായ 19 മത്സരങ്ങൾ വിജയിച്ചാണ് അരീന സബലെങ്കയുടെ വരവ്. അമേരിക്കയുടെ കൊകൊ ഗഫിനെ പരാജയപ്പെടുത്തിയാണ് സ്‌പാനിഷ് താരം പൗള ബഡോസയുടെ സെമി പ്രവേശം. ബഡോസയുടെ ആദ്യ ഗ്രാൻഡ് സ്ലാം കൂടിയാണിത്.
പോളണ്ടുകാരിയായ ഇഗ ഷ്വാടെക് തന്റെ ആറാം ഗ്രാൻഡസ്ലാം കിരീടവും ആദ്യ ഓസ്‌ട്രേലിയൻ ഓപ്പണും ലക്ഷ്യമിട്ടാണ് മെൽബണിലെത്തിയത്. കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പൺ കിരീടം വിജയിച്ചതും ഈ പോളണ്ടുകാരിയായിരുന്നു. ആദ്യ ഗ്രാൻഡ്‌സ്ലാം കിരീടത്തിനായാണ് മാഡിസൺ കീസ് ഇറങ്ങുന്നത്.
പുരുഷ സെമി ലൈനപ്പ് ആയി
2025 ഓസ്‌ട്രേലിയൻ ഓപ്പണിലെ പുരുഷ സെമി ലൈനപ്പ് ആയി. തുടർച്ചയായി രണ്ടാംകിരീടം ലക്ഷ്യമിടുന്ന ഇറ്റലിയുടെ യാനിക് സിന്നർ അമേരിക്കയുടെ ബെൻ ഷെൽട്ടണെ നേരിടും. 25-ാം ഗ്രാൻഡ്‌സ്ലാമിനായി ഇറങ്ങുന്ന സെർബിയക്കാരൻ നൊവാക് ജൊകോവിച്ച് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനേയും.
0 comments