ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്: തുടങ്ങി സബലെങ്ക

മെൽബൺ: ഹാട്രിക് മോഹവുമായി എത്തിയ അരീന സബലെങ്കയ്‌ക്ക് വിജയത്തുടക്കം. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ് ആദ്യറൗണ്ടിൽ അമേരിക്കൻതാരം സ്ലൊയാനി സ്‌റ്റീഫൻസിനെ 6–-3, 6–-2ന് തോൽപ്പിച്ചു. രണ്ടാംറൗണ്ടിൽ സ്‌പാനിഷ്‌താരം ജെസീക ബൗസസാണ് എതിരാളി.
ബെലാറസുകാരിയായ സബലെങ്കയുടെ വിജയം അനായാസമായിരുന്നു. 71 മിനിറ്റിൽ കളി തീർന്നു. സ്വിറ്റ്‌സർലൻഡിന്റെ മാർട്ടിന ഹിംഗിസ് മാത്രമാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ (1997–-1999) തുടർച്ചയായി മൂന്ന് കിരീടം നേടിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുതവണയും സബലെങ്ക ചാമ്പ്യനായിരുന്നു. ഒളിമ്പിക്‌സ് ജേത്രി ചൈനയുടെ ക്വിൻവെൻ സെങ്, റഷ്യയുടെ പതിനേഴുകാരി മിറ ആൻഡ്രീവ എന്നിവരും രണ്ടാംറൗണ്ടിലേക്ക് മുന്നേറി.
പുരുഷവിഭാഗത്തിൽ രണ്ടാംസീഡ് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് രണ്ടാംറൗണ്ടിൽ കടന്നു. ഫ്രഞ്ച്‌താരം ലുകാസ് പൗളിയെ 6–-4, 6–-4, 6–-4ന് തകർത്തു. കാസ്‌പർ റൂഡ് (നോർവേ), യൂഗോ ഹംബർട്ട് (ഫ്രാൻസ്) എന്നിവരും ആദ്യ കളി ജയിച്ചു. സിംഗിൾസിൽ ഇന്ത്യയുടെ ഏക സാന്നിധ്യമായ സുമിത് നാഗൽ തോറ്റു. ചെക്ക്‌താരം തോമസ് മഷാക്ക് 6–-3, 6–-1, 7–-5ന് ജയിച്ചുകയറി. പ്രമുഖതാരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങും. 25–-ാം ഗ്രാൻഡ്‌സ്ലാം കിരീടം കാത്തിരിക്കുന്ന സെർബിയയുടെ നൊവാക് ജൊകോവിച്ച് ഇന്ത്യൻ വംശജനായ അമേരിക്കൻതാരം നിഷേഷ് ബാസവറെഡ്ഡിയെ നേരിടും. ജൊകോ ഈ വേദിയിൽ 10 തവണ കിരീടം നേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യനായ ഇറ്റലിയുടെ യാനിക് സിന്നർക്ക് ചിലിയുടെ നിക്കോളാസ് ജറിയാണ് എതിരാളി.
റാഫേൽ നദാലിന്റെ പിൻഗാമിയായ സ്‌പാനിഷ് താരം കാർലോസ് അൽകാരസ് കസാഖ്‌സ്ഥാനിലെ അലക്‌സാണ്ടർ ഷെവ്‌ചെങ്കൊയുമായി ഏറ്റുമുട്ടും. ഗ്രീക്ക്‌താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ഇന്ന് ആദ്യറൗണ്ടിൽ കളിക്കും. നിലവിലെ റണ്ണറപ്പ് ഡാനിൽ മെദ്‌വദേവിന് നാളെയാണ് കളി. വനിതകളിൽ സബലെങ്കയ്‌ക്ക് വെല്ലുവിളിയാവുന്ന അമേരിക്കൻ താരം കൊകൊ ഗഫും പോളണ്ടിന്റെ ഇഗ ഷ്വാടെകും ഇന്നിറങ്ങും. ഗഫിന് നാട്ടുകാരിയായ സോഫിയ കെനിനാണ് എതിരാളി. ഇഗ ചെക്ക്‌താരം കാതറീന സിനിയാകോവിനെതിരെ കളിക്കും.









0 comments