‘റൊണാൾഡോയ്ക്ക് മെസി കോച്ച്’! ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് നാളെ

മെൽബൺ
ഫുട്‌ബോളിൽ ലയണൽ മെസി ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ കോച്ചായാൽ എങ്ങനെയുണ്ടാകും? അതുപോലെയാണ് ടെന്നീസിൽ ആൻഡി മറേ നൊവാക് ജൊകോവിച്ചിന്റെ പരിശീലകനാകുന്നതെന്നാണ് റഷ്യൻ താരമായ ഡാനിൽ മെദ്‌വദേവിന്റെ പ്രതികരണം. സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപ്പൺ നാളെ തുടങ്ങാനിരിക്കെ മറെ–-ജൊകോ കൂട്ടുകെട്ടാണ് പ്രധാന ചർച്ച. കഴിഞ്ഞവർഷം കളിനിർത്തിയ ബ്രിട്ടീഷ്‌താരം മറേ, ജൊകോയുടെ പരിശീലകനായി എത്തിയത് അപ്രതീക്ഷിതമായാണ്.
ഇരുവരും വർഷങ്ങളോളം കോർട്ടിൽ കടുത്ത എതിരാളികളായിരുന്നു. 2006 മുതൽ 2022 വരെ 36 തവണ പരസ്‌പരം ഏറ്റുമുട്ടി. നാല് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ അടക്കം 25 കളിയിൽ ജൊകോ ജയിച്ചുകയറി. 10 ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ മുഖാമുഖം കണ്ടു. മുപ്പത്തേഴുകാരനായ മറേ അഞ്ചുതവണ ഓസ്‌ടേലിയൻ ഓപ്പൺ ഫൈനലിലെത്തിയെങ്കിലും കിരീടം സാധ്യമായില്ല. രണ്ടുതവണ വിംബിൾഡണും ഒരിക്കൽ യുഎസ് ഓപ്പണും നേടി.
ജൊകോ 25–-ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന അപൂർവ റെക്കോഡാണ് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ പത്തുതവണ നേടിയിട്ടുണ്ട്. ഇക്കുറി ആദ്യമത്സരം അമേരിക്കൻതാരം നിഷേഷ് ബാസവ റെഡ്ഡിക്കെതിരെയാണ്. കഴിഞ്ഞസീസണിൽ ഒറ്റ ഗ്രാൻഡ് സ്ലാം കിരീടവും നേടാനായില്ല. റോജർ ഫെഡറും റാഫേൽ നദാലും വിരമിച്ചതോടെ മുപ്പത്തേഴുകാരൻ തേടുന്നത് പുതിയ എതിരാളികളെയാണ്. കഴിഞ്ഞവർഷം ഇറ്റാലിയൻതാരം യാനിക് സിന്നറായിരുന്നു ചാമ്പ്യൻ. സ്‌പാനിഷ് താരം കാർലോസ് അൽകാരസാണ് മറ്റൊരു വെല്ലുവിളി.
വനിതകളിൽ മൂന്നാംകിരീടമാണ് ബെലാറസിന്റെ അരീന സബലെങ്കയുടെ ലക്ഷ്യം. കൊകൊ ഗഫ് (അമേരിക്ക), എലേന റബാകിന (കസാഖ്‌സ്ഥാൻ), ഇഗ ഷ്വാടെക് (പോളണ്ട്) എന്നിവരാണ് വെല്ലുവിളി.
നാളെ രാവിലെ അഞ്ചരമുതൽ മത്സരങ്ങൾ തുടങ്ങും. സോണി ടെൻ ചാനലുകളിലും സോണി ലിവിലും തത്സമയം കാണാം.









0 comments