സൂപ്പർ സബലേങ്ക ; ഇഗയെ തോൽപ്പിച്ച് ഫൈനലിൽ


Sports Desk
Published on Jun 06, 2025, 12:00 AM | 1 min read
പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ തുടർച്ചയായ നാലാം കിരീടം തേടിയിറങ്ങിയ ഇഗ ഷ്വാടെക്കിനെ കീഴടക്കി അരീന സബലേങ്ക വനിതാ സിംഗിൾസ് ഫൈനലിൽ. വാശിയേറിയ സെമിയിൽ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് ഒന്നാം റാങ്കുകാരിയായ സബലേങ്കയുടെ ജയം (7–-6 (7–-1), 4–-6, 6–-0).
ഇരുപത്തേഴുകാരിയായ സബലേങ്കയുടെ ആദ്യ ഫ്രഞ്ച് ഓപ്പൺ ഫൈനലാണിത്. തുടർച്ചയായ മൂന്നാം ഗ്രാൻഡ് സ്ലാം ഫൈനലിൽ കടക്കാനും ബെലാറസുകാരിക്ക് കഴിഞ്ഞു. 2016ൽ സെറീന വില്യംസിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരം. ഓസ്‌ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും സബലേങ്ക സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പണിൽ നാല് തവണ ജേതാവായ ഇഗയ്‌ക്ക് സബലേങ്കയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ സെറ്റ് കടുത്തു. ഒരു ഘട്ടത്തിൽ ഇരുപത്തേഴുകാരി 3–-1ന് മുന്നിലായിരുന്നു. എന്നാൽ കളിമൺക്കളത്തിൽ മുൻതൂക്കമുള്ള ഇഗ സെർവ് ഭേദദിച്ച് തിരിച്ചുവന്നു. ഒന്നാന്തരം സെർവുകൾ തൊടുത്ത് മത്സരത്തിൽ മേധാവിത്തവും നേടി. സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടു. സബലേങ്കയ്‌ക്കായി ടൈബ്രേക്കിൽ മുൻതൂക്കം. 7–-1ന് മുന്നിലെത്തി സെറ്റ് 7–-6ന് സ്വന്തമാക്കി.
2021 ജൂൺ ഒമ്പതിനാണ് ഇഗ അവസാനമായി ഇവിടെ തോറ്റത്. തുടർച്ചയായ 26 കളികളിൽ ജയം. ആ മികവ് രണ്ടാം സെറ്റിൽ കണ്ടു. സബലേങ്ക നിലയുറപ്പിക്കുംമുമ്പ് പോളണ്ടുകാരി സെറ്റ് പിടിച്ചു.
മൂന്നാം സെറ്റിൽ പക്ഷേ, സബലേങ്ക എതിരാളിയെ നിഷ്‌പ്രഭയാക്കി കളഞ്ഞു. ഒറ്റ ഗെയിം പോലും വിട്ടുകൊടുത്തില്ല. നാളെയാണ് ഫൈനൽ. ആകെ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് ഇരുപത്തേഴുകാരിക്ക്. ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ട് തവണ ചാമ്പ്യനായി. ഒരു തവണ യുഎസ് ഓപ്പണും നേടി. വിംബിൾഡിൽഡണിൽ രണ്ട് തവണ സെമിയിൽ തോറ്റു. ഫ്രഞ്ച് ഓപ്പണിൽ സെമിയായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം.









0 comments