സിന്നറിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ 20 വർഷത്തെ വിലക്ക് ലഭിച്ചേനെ: സെറീന വില്ല്യംസ്

PHOTO: Facebook/Serena Williams

Sports Desk
Published on Apr 18, 2025, 02:46 PM | 1 min read
ന്യൂയോർക്ക്: യാനിക് സിന്നറിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ തനിക്ക് 20 വർഷം വിലക്ക് ലഭിച്ചേനെ എന്ന് ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട സിന്നർ നിലവിൽ വിലക്ക് നേരിടുകയാണ്. ഇത് ഉദ്ധരിച്ചുകൊണ്ടാണ് സെറീനയുടെ പ്രസ്‌താവന. ടൈം മാഗസീന് നൽകിയ അഭിമുഖത്തിലാണ് വിലക്ക് സംബന്ധിച്ച കാര്യങ്ങളെകുറിച്ച് സെറീന സംസാരിച്ചത്.
‘യാനിക് സിന്നർ മികച്ച താരമാണ്. ടെന്നീസിന് അവനെ ആവശ്യവുമാണ്. എന്നെ പലരും വളരെയധികം താഴ്ത്തിക്കെട്ടിയിട്ടുണ്ട്, അതുപോലെ ആരെയും താഴ്ത്തിക്കെട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ എനിക്ക് 20 വർഷം വിലക്ക് ലഭിച്ചേനെ. സത്യസന്ധമായി പറയട്ടെ, എന്റെ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ പോലും തിരിച്ചെടുത്തേനെ’- 23 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ സെറീന വില്ല്യംസ് പറഞ്ഞു.
യാനിക് സിന്നറിന്റെ വിലക്ക് മെയ് നാലിനാണ് അവസാനിക്കുക. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ താരത്തിന് ഫെബ്രുവരിയിൽ മൂന്ന് മാസത്തെ വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു. വിവാദത്തിൽ താൻ നിരപരാധിയാണെന്നാണ് സിന്നറിന്റെ വാദം. മസാജ് ചെയ്യുന്നതിനിടെ മരുന്ന് തന്റെ ശരീരത്തിൽ പ്രവേശിച്ചതാണെന്നും മൂന്ന് തവണ ഗ്രാൻഡ് സ്ലാം ജേതാവായ സിന്നർ പറയുന്നു.









0 comments