2008 ബീജിങ് ഒളിമ്പിക്സിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയുടെ പ്രിയ പരിശീലകനായിരുന്നു സണ്ണി തോമസ്
ബിന്ദ്രയുടെ പൊൻ കാഞ്ചി

ജ്യോതിമോൾ ജോസഫ്
Published on May 01, 2025, 03:29 AM | 2 min read
കോട്ടയം :
2008ലാണ് ലോകം പ്രൊഫ. സണ്ണി തോമസിനെ കണ്ടത്, അറിഞ്ഞത്. ബീജിങ്ങിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ദേശീയപതാക ഉയർന്നപ്പോൾ അഭിനവ് ബിന്ദ്രയ്ക്കൊപ്പം സണ്ണി തോമസിനെയും രാജ്യം അഭിമാനത്തോടെ കണ്ടു. ബീജിങ്ങിൽ ദേശീയഗാനം മുഴങ്ങിയപ്പോഴുണ്ടായ ആ നിമിഷത്തിൽ സണ്ണി തോമസെന്ന മലയാളിയും ചരിത്രത്തിൽ ഭാഗമാകുകയായിരുന്നു. അതിനുമുമ്പ് 2004ൽതന്നെ സണ്ണി തോമസിന്റെ മികവ് തെളിഞ്ഞതാണ്. രാജ്യവർദ്ധൻ സിങ് റാത്തോഡിന്റെ വെള്ളി മെഡൽ നേട്ടത്തിലൂടെ ഇന്ത്യൻ ഷൂട്ടിങ്ങിൽ മുദ്ര ചാർത്തുകയായിരുന്നു. ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെള്ളി മെഡൽ.
2008ലെ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ അഭിനവ് ബിന്ദ്രയുടെ സ്വർണനേട്ടം ആരും പ്രതീക്ഷിച്ചതല്ല. ഒളിമ്പിക്‌സിൽ വ്യക്തിഗത സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായികതാരമായി ബിന്ദ്ര മാറിയപ്പോൾ സണ്ണി തോമസിന്റെ പരിശീലനമായിരുന്നു വഴിയൊരുക്കിയത്.
പരിശീലനം നൽകിയവർ മെഡലുകൾ വാങ്ങുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ടെങ്കിലും ബിന്ദ്രയുടെ നേട്ടം എന്നും സണ്ണി തോമസ് ഓർത്തുപറയുമായിരുന്നു. ‘‘ബീജിങ്ങിൽ അഭിനവിന്റെ ലാസ്‌റ്റ് ഷോട്ട് കഴിഞ്ഞപ്പോൾ കോരിത്തരിച്ച നിമിഷമായിരുന്നു. ദേശീയപതാക ഉയർന്നതും പശ്‌ചാത്തലത്തിൽ മുഴങ്ങിയ ദേശീയഗാനവും ഒരിക്കലും മറക്കില്ല’’–- ഒരിക്കൽ സണ്ണി തോമസ് പറഞ്ഞു.
ബീജിങ് ഒളിമ്പിക്‌സിനുമുമ്പ് സെലക്‌ഷൻ സമിതി യോഗത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ബിന്ദ്രയ്‌ക്ക് മെഡൽ കിട്ടുമെന്ന് സണ്ണി തോമസ് വാദിച്ചു.
എന്നാലന്ന് ബിന്ദ്രയ്‌ക്കാണ് മെഡൽ സാധ്യതയെന്ന് ഉറപ്പിച്ച് പറഞ്ഞത് സണ്ണി തോമസായിരുന്നു. അത്രയും വിശ്വാസമുണ്ടായിരുന്നു. 2007–-2008ൽ അഭിനവിനേക്കാളും സ്‌കോർ ഉണ്ടായിരുന്ന സുഹൃത്തുകൂടിയായ മലയാളി ഉള്ളപ്പോഴാണ് സണ്ണി തോമസ് അഭിനവിനായി വാദിച്ചത്. മെഡൽ ലഭിച്ചില്ലെങ്കിൽ വിമർശനത്തിന്റെ കൂരമ്പുകളായിരിക്കും കിട്ടുക എന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ വ്യക്തി സ്വർണമായിരുന്നു ബിന്ദ്രയിലൂടെ കിട്ടിയത്.
അഞ്ച് ഒളിമ്പിക്‌സിൽ സണ്ണി തോമസ് ഇന്ത്യയെ നയിച്ചു. നൂറുകണക്കിന് മെഡലുകൾ ഇന്ത്യക്കായി നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ചപ്പോഴും അതിൽ നാലെണ്ണം എന്നും തിളക്കത്തോടെ നിൽക്കും.
നാല് ഒളിമ്പിക്‌സ് മെഡലുകൾ. 2008ൽ ബിന്ദ്രയുടെ നേട്ടം. 2004ൽ റാത്തോഡിന്റെ ഡബിൾ ട്രാപ്പ് ഇനത്തിലെ വെള്ളി മെഡൽ. 2012ൽ വിജയ്‌കുമാറും ഗഗൻ നാരംഗും അഭിമാനമായി. വിജയ്‌കുമാർ വെള്ളിയും നാരംഗ് വെങ്കലവുമാണ് നേടിയത്. ഏഷ്യൻ ഗെയിംസിൽ 29 മെഡലുകളും കോമൺവെൽത്ത് ഗെയിംസിൽ 95 മെഡലുകളും ശിഷ്യർ സ്വന്തമാക്കി.
"ഏറെ ഹൃദയവേദനയോടെയാണ് സണ്ണി തോമസ് സാറിന്റെ വിയോഗവാർത്ത കേട്ടത്. പരിശീലകനപ്പുറം വഴികാട്ടിയും ഉപദേശകനുമായിരുന്നു. തലമുറകളായുള്ള ഇന്ത്യൻ ഷൂട്ടർമാർക്കെല്ലാം അച്ഛനെ പോലെയായിരുന്നു. രാജ്യാന്തര വേദിയിൽ ഇന്ത്യയെ ഉയർത്തിയതിന് പിന്നിൽ സണ്ണി സാറിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ്. എന്റെ ഷൂട്ടിങ് ജീവിതത്തിന്റെ തുടക്കത്തിൽ ഇത്രയും സ്വാധീനിച്ച മറ്റൊരാളില്ല. ആ പിന്തുണയ്‌ക്കും നിർദേശങ്ങൾക്കും എന്നെന്നും നന്ദിയുള്ളവനായിരിക്കും. നിത്യശാന്തി നേരുന്നു. നിങ്ങളുടെ സ്വാധീനം എന്നും നിലനിൽക്കും."
അഭിനവ് ബിന്ദ്ര (ഒളിമ്പിക് ഷൂട്ടിങ് ചാമ്പ്യൻ)









0 comments