print edition പറന്നിറങ്ങി അക്കരെ താരങ്ങൾ


ഡി കെ അഭിജിത്
Published on Oct 21, 2025, 12:58 AM | 1 min read
തിരുവനന്തപുരം:
സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ ആദ്യമായി ഗൾഫിൽനിന്നെത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സംഘം തലസ്ഥാനത്തെത്തി. 39 വിദ്യാർഥികളും എട്ട് അധ്യാപകരുമുൾപ്പെടെ 47 അംഗ സംഘം പല വിമാനങ്ങളിലായാണ് തിങ്കൾ രാത്രിയോടെ എത്തിയത്. ഐഷ നവാബ്, സനാ ഫാത്തിമ, ഷൈഖ അലി, തമന്ന, നജ ഫാത്തിമ എന്നിവരാണ് ഗൾഫിൽ സംസ്ഥാന സ്‌കൂൾ സിലബസിൽ പഠിക്കുന്ന പെൺകുട്ടികളിൽനിന്ന് ആദ്യമായി സംസ്ഥാന കായികമേളയിൽ മത്സരിക്കാനെത്തിയിട്ടുള്ളത്.
കഴിഞ്ഞവർഷത്തെ കൊച്ചി മേളയിലാണ് ആദ്യമായി പ്രവാസി വിദ്യാർഥികൾക്ക് മത്സരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കിയത്. ഇതോടെ പഠനത്തോടൊപ്പം കായിക ഇനങ്ങളിലും കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികളോട് മത്സരിക്കാൻ അവസരമൊരുങ്ങി. 50 ആൺകുട്ടികളുമായി 2024ൽ എത്തിയ ഗൾഫ് ടീം തൊട്ടടുത്ത വർഷംതന്നെ പെൺകുട്ടികളെയും മത്സരത്തിനെത്തിച്ചുവെന്നത് വലിയ നേട്ടമാണ്.
ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ദുബായ്, ഗൾഫ് മോഡൽ സ്‌കൂൾ ദുബായ്, മോഡൽ പ്രൈവറ്റ് സ്‌കൂൾ അബുദാബി, ഇന്ത്യൻ സ്‌കൂൾ ഫുജൈറ, ദി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ ഉം അൽ ക്വയിൻ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സംഘത്തിൽ.
പെൺകുട്ടികൾ അഞ്ചുപേരും അത്‌ലറ്റിക്‌സിൽ മത്സരിക്കും. രണ്ടുപേർ വീതം അണ്ടർ 19, 17 ഷോട്ട്‌പുട്ടിലും, ഒരാൾ 100 മീറ്റർ ഓട്ടത്തിലും. രണ്ട് ആൺകുട്ടികളും അത്‌ലറ്റിക്‌സിനുണ്ട്, അണ്ടർ 19, അണ്ടർ 17 100, 200 മീറ്റർ. ഫുട്‌ബോൾ അണ്ടർ 17, ബാസ്‌കറ്റ് ബോൾ അണ്ടർ 17, ബാഡ്‌മിന്റൺ അണ്ടർ 17 എന്നിവയാണ് ഗൾഫ് സംഘത്തിന്റെ മറ്റ് മത്സരങ്ങൾ.









0 comments