print edition ചെസ് ലോകകപ്പ് ; പ്രഗ്‌നാനന്ദ പുറത്ത്


Sports Desk
Published on Nov 14, 2025, 04:06 AM | 1 min read
പനജി
ചെസ് ലോകകപ്പിൽ നിലവിലെ റണ്ണറപ്പായ ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദ പുറത്തായി. റഷ്യയുടെ ഡാനിൽ ഡുബോവ് ടൈബ്രേക്കർ ജയിച്ച് പ്രീക്വാർട്ടറിലേക്ക് മുന്നേറി(2.5–1.5). ടൈബ്രേക്കറിൽ ആദ്യ കളി സമനിലയായപ്പോൾ രണ്ടാമത്തേത് ഡുബോവ് ജയിച്ചു. പി ഹരികൃഷ്‌ണയും അർജുൻ എറിഗെയ്‌സിയുമാണ് പ്രീക്വാർട്ടറിൽ കടന്ന ഇന്ത്യൻ താരങ്ങൾ. ഇരുവരും നാലാംറൗണ്ട് ടൈബ്രേക്കറിൽ ജയിച്ചു. വി പ്രണവും കാർത്തിക് വെങ്കട്ടരാമനും നാലാം റൗണ്ടിൽ തോറ്റ് മടങ്ങി.
അർജുൻ ഹംഗറിയുടെ പീറ്റർ ലെകോയെയാണ് കീഴടക്കിയത്(3–1). ആദ്യ രണ്ട് കളിയും സമനിലയായിരുന്നു. തുടർന്ന് വിജയികളെ നിശ്‌ചയിക്കാൻ ടൈബ്രേക്കർ വേണ്ടിവന്നു. അതിൽ രണ്ട് കളിയും ജയിച്ചാണ് കുതിപ്പ്. മുൻ ചാമ്പ്യൻ അമേരിക്കയുടെ ലെവൻ അരോണിയനാണ് അടുത്ത എതിരാളി.
ഹരികൃഷ്‌ണ സ്വീഡന്റെ നിൽസ് ഗ്രാൻഡേലിസിനെ തോൽപ്പിച്ചു(2.5–1.5). ടൈബ്രേക്കറിൽ ആദ്യ കളി സമനിലയായപ്പോൾ രണ്ടാമത്തേത് ഹരികൃഷ്‌ണ നേടി. പ്രീക്വാർട്ടറിൽ മെക്‌സിക്കോയുടെ ജോസ് മാർടിനെസിനെയാണ് നേരിടാനുള്ളത്. ലോകകപ്പിൽ മത്സരിച്ച 24 ഇന്ത്യൻ താരങ്ങളിൽ രണ്ടുപേരാണ് അവശേഷിക്കുന്നത്. നാലാം റൗണ്ടിൽ കടന്നിരുന്ന അഞ്ചിൽ മൂന്നുപേരും തോറ്റു.
കിരീട സാധ്യത കൽപിക്കപ്പെട്ടിരുന്ന ജർമനിയുടെ വിൻസന്റ് കെയ്‌മറെ കീഴടക്കി റഷ്യൻ താരം ആന്ദ്രേ എസിപെങ്കോ മുന്നേറി. ക്വാർട്ടർ ലക്ഷ്യമിട്ട് റഷ്യയുടെ പത്തൊമ്പതുകാരൻ അലക്‌സി ഗ്രെബ്‌നോവിനെ നേരിടും. ജർമനിയുടെ ഫ്രെഡറിക് എസ്‌വാനെ ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവിനെ നേരിടും. മറ്റൊരു ഉസ്‌ബെക് താരം നോഡിർബെക് അർമേനിയയുടെ ഗബ്രിയേൽ സർഗിസിയാനുമായി ഏറ്റുമുട്ടും.









0 comments