മകന്റെ ഗുരുവായി; ഇപ്പോൾ ഇരട്ട മെഡൽ ജേതാവ്

ജോർജ് ഐസക് ഷോട്പുട്ട് മത്സരത്തിനിടെ
തിരുവനന്തപുരം : മകനെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് ജോർജ് ഐസക് ഷോട്‌പുട്ടും ജാവലിനുമൊക്കെ കൈയിലെടുത്തത്. ഇപ്പോൾ അദ്ദേഹം എത്തിനിൽക്കുന്നതാകട്ടെ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രഥമ അത്‌ലറ്റിക് മീറ്റിലെ ഇരട്ട സ്വർണമെഡൽ ജേതാവ് എന്ന പദവിയിലും.
51 വയസ്സിന് മുകളിലുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ ഷോട്‌പുട്ട്, ജാവലിൻ എന്നീ മത്സരങ്ങളിലാണ് ജോർജ് ഐസക് മെഡൽ നേടിയത്. ഒരാൾക്ക് 2 മത്സരങ്ങളിലേ പങ്കെടുക്കാവൂ എന്നാണ് നിയമം. അല്ലായിരുന്നെങ്കിൽ ഡിസ്‌കസ് ത്രോയിലും താൻ സ്വർണം നേടുമായിരുന്നുവെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മകൻ അബിൻജോർജ് ജില്ലാ സ്‌കൂൾമീറ്റിൽ ത്രോ മത്സരങ്ങളിൽ വിജയിയായിരുന്നു. പരിശീലനത്തിനുവേണ്ടി വീട്ടിൽത്തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്. പത്താം ക്ലാസിലായതിനാൽ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് അവനെ പുറത്ത് പരിശീലനത്തിന് അയക്കാതെ താൻതന്നെ പരിശീലിപ്പിക്കുന്നതെന്നും ജോർജ് ഐസക് പറഞ്ഞു.
സി–-ആപ്‌റ്റിലെ ജീവനക്കാരനാണ് ജോർജ് ഐസക്. ഓപ്പൺ സർവകലാശാലയിലെ ബിഎ ഹിസ്റ്ററി നാലാം ക്ലാസ് വിദ്യാർഥിയുമാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിനുവേണ്ടിയാണ് മത്സരിച്ചത്.
വനിതാ ഷോട്ട്‌പുട്ടിൽ സ്വർണവും വെള്ളിയും മഹാരാജാസിന്
വനിതകളുടെ ഷോട്ട്‌പുട്ടിൽ മഹാരാജാസ് കോളേജിനുവേണ്ടി മെഡൽനേടി തിരുവനന്തപുരം സ്വദേശികൾ. ടി ആർ മിനിമോൾ, ബീനാ പി നായർ എന്നിവരാണ് സ്വർണവും വെള്ളിയും നേടിയത്. വെള്ളറട സ്വദേശിനിയായ മിനിമോൾ ആലുവയിലും വെടിവെച്ചാൻകോവിൽ സ്വദേശിനി ബീന മുളന്തുരുത്തിയിലുമാണ് താമസം. രണ്ടുപേരും ബിഎ സോഷ്യോളജി വിദ്യാർഥികളാണ്. ഡിസ്‌കസ് ത്രോയിലും രണ്ടുപേരും മത്സരിക്കുന്നുണ്ട്.
ടി ആർ മിനിമോൾ, ബീന പി നായർ









0 comments