മരുന്നടി: ഷീനയ്‌ക്ക് വിലക്ക് ; മലയാളി ട്രിപ്പിൾ ജമ്പ് താരത്തിന് തിരിച്ചടി


Sports Desk
Published on Aug 19, 2025, 03:11 AM | 1 min read
ന്യൂഡൽഹി
ഇന്ത്യൻ കായികരംഗത്ത് വീണ്ടും മരുന്നടി. മലയാളി ട്രിപ്പിൾ ജമ്പ് താരം എൻ വി ഷീന വിലക്കിലായി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) വിലക്കേർപ്പെടുത്തിയത്. കാലാവധി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
2023ൽ ഏഷ്യൻ ഗെയിംസിൽ മത്സരിച്ച മുപ്പത്തിരണ്ടുകാരി കഴിഞ്ഞ ദേശീയ ഗെയിംസിൽ വെള്ളി നേടിയിരുന്നു. ഫെഡറേഷൻ കപ്പിൽ വെങ്കലവും സ്വന്തമാക്കി. 2018ൽ ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിലും വെള്ളി നേടി.
ഇന്ത്യൻ കായികരംഗത്ത് മരുന്നടി വ്യാപകമാണെന്ന റിപ്പോർട്ട് ഇൗയിടെയായിരുന്നു പുറത്തുവന്നത്. ഇൗ മാസം അത്‌ലറ്റിക്‌സിൽ മരുന്നടിക്ക് പിടിയിലാകുന്ന രണ്ടാമത്തെ അത്‌ലീറ്റാണ് ഷീന.
ഡിസ്‌കസ്‌ത്രോയിലെ ദേശീയ ഗെയിംസ് ജേതാവ് ഗഗൻദീപ് സിങ്ങിനെ മൂന്നുവർഷത്തേക്ക് വിലക്കിയിരുന്നു. കഴിഞ്ഞ വർഷം 266 കായികതാരങ്ങളാണ് ഇന്ത്യയിൽ മരുന്നടിച്ചത്. ഇതിൽ 76 പേർ അത്‌ലറ്റിക്‌സിൽനിന്നാണ്.








0 comments